ഇറ്റലിയിലെ റോമിൽ, പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ ചിത്രീകരിച്ച, ഹ്രസ്വചിത്രമാണ് യൂദാസ് സ്കറിയോത്ത് ഇൻ ദി ഡാർക്ക് ട്രാപ് .റോമിലെ അറിയപ്പെടുന്ന മലയാളി ഫാഷൻ ഡിസൈനറായ ജോർജ്സുന്ദരം തറയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്.കാക്കോ ഫിലിംസ് ഇന്റർനാഷണലിനവേണ്ടി റ്റിറ്റു തോമസ്, പ്രീതി റ്റിറ്റു എന്നിവരാണ് നിർമ്മാണം. യൂറോപ്പിൽ ചിത്രീകരിച്ച ആദ്യ ബൈബിൾ ചരിത്രമലയാള ഹ്രസ്വചിത്രം എന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കാർഡ് പുരസ്ക്കാരം ചിത്രം നേടിയിരുന്നു. യേശുവിന്റെ ശിഷ്യന്മാരിൽ പ്രധാനിയും, ബുദ്ധിമാനുമായ യൂദാസ് സ്കറിയോത്ത് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത നാളുകളിൽ, യൂദാസിന് ഉണ്ടായ ആത്മ സംഘർഷങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ യൂദാസ് സ്കറിയോത്തായി, വേഷമിട്ടിരിക്കുന്നത്,ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയും, നാടക, മിമിക്രി രംഗങ്ങളിൽ അനവധി പുരസ്കാരങ്ങൾ നേടിയ, തിരുവനന്തപുരം സ്വദേശിയുമായ ഡൺസ്റ്റൺ അൽഫോൺസ് ആണ്.