ee

മഴരാത്രികളിലാണ്
മറന്നു പോയ
ചിലതൊക്കെ
ഓർമയെ
മുട്ടിവിളിക്കുന്നത്.

കോർത്ത വിരലുകൾ
അങ്ങനെതന്നെയുണ്ടെന്ന്
തിരിച്ചറിയുന്നതും
അന്നേരമാണ് .

ചുണ്ടിൽ പറ്റിയ
പൂമ്പൊടികൾ
അവിടെത്തന്നെയുണ്ടോ
എന്ന്
അറിയാതെ
തൊട്ടു നോക്കുന്നതും
അപ്പോഴാണ്.

അകക്കുളിരിന്റെ
ഇലപ്പെയ്ത്തിലേക്ക്
ഒന്നുരുമ്മിയിരുന്ന
ചൂടു പകുക്കലിന്റെ
മിന്നൽപ്പിണരുകൾ
ഓർക്കുമ്പോൾ തന്നെ
ഇപ്പോഴും
ഉള്ളിലൂടെ പായുന്നുണ്ട്.

തീർന്നു പോയെന്നു
കരുതിയ
യാത്രയുടെ ദൂരങ്ങൾ
തീർന്നിട്ടില്ലെന്നും
അതങ്ങനെ തന്നെ
കാത്തിരിക്കുന്നുവെന്നും
തിരിച്ചറിയുന്നുണ്ട്.

ഒന്നും മാഞ്ഞു പോയിട്ടില്ലെന്നും
കാറ്റിലൂർന്നു വീണ
നേർത്ത തിരശ്ശീലയാൽ
മറഞ്ഞിരുന്നതാണെന്നും
കാതിൽ പറഞ്ഞു തരാൻ
മഴത്തുള്ളികൾക്കേ കഴിയൂ .

ഇപ്പോൾ
ജീവിതത്തിനും
സ്വപ്നത്തിനും
പ്രണയത്തിനും
എന്തൊരു മധുരം !

പറയൂ
ഇനിയെപ്പോഴാണ്
ഒരുമിച്ചൊരു
മഴയാത്ര ....