ന്യൂഡൽഹി: വിമാന, ട്രെയിൻ യാത്രയ്‌ക്ക് യാത്രികർ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം കൈയിൽ കരുതണമെന്ന വിവിധ സംസ്ഥാനങ്ങളുടെ നിബന്ധന മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കുരുക്കാകുന്നു. മിക്ക സംസ്ഥാനങ്ങളും യാത്രയ്‌ക്ക് 48, 72 മണിക്കൂർ മുൻപുളള കൊവിഡ് പരിശോധനാ ഫലമാണ് ആവശ്യപ്പെടുന്നത്. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും തിരക്ക് കാരണം ആർ.ടി.പി.സി.ആർ പരിശോധനാ ഫലം 36 മുതൽ 48 മണിക്കൂർ വരെ വൈകിയാണ് ലഭിക്കുന്നത്. ഇതുകാരണം ട്രെയിൻ യാത്രികർക്കോ രണ്ട് വിമാനത്തിൽ കയറി പോകേണ്ടവർക്കോ യാത്ര മുടങ്ങുന്ന അവസ്ഥയാണ്.
ഡൽഹി, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും യാത്ര പുറപ്പെടുന്നവർക്ക് 72 മണിക്കൂറിനിടെയെടുത്ത ആർ.ടി.പി.സി.ആർ ഫലമാണ് ആവശ്യപ്പെടുന്നത്. ചില സംസ്ഥാനങ്ങളിൽ 48 മണിക്കൂറുമാണ്. ആർ.ടി.പി.സി.ആർ ഫലത്തിനായി അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ടി വരാറുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇത്തരം തടസങ്ങൾ കാരണം അന്യ സംസ്ഥാനങ്ങളിലെ മലയാളികൾക്ക് യാത്ര മുടങ്ങുന്ന സ്ഥിതി മാറുന്നതിന് വാഹനം പുറപ്പെടുന്ന സമയത്തിന് 48 അല്ലെങ്കിൽ 72 മണിക്കൂർ എന്ന രീതിയിൽ വ്യവസ്ഥ മാറ്റണമെന്നാണ് മറുനാട്ടിലെ മലയാളികളുടെ ആവശ്യം.