രാജ്യത്തെ ലെവൽ 4 പട്ടികയിൽ ഉൾപ്പെടുത്തി
വാഷിങ്ടൺ:കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് യുഎസ്. യാത്ര ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ വാക്സിൻ നിർബന്ധമായും എടുക്കണമെന്നും യു.എസ് ഹെൽത്ത് ഏജൻസി നിർദ്ദേശം നൽകി. യുനൈറ്റഡ് സ്റ്റേറ്റ്സ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്റോൾ ആൻഡ് പ്റിവൻഷന്റേതാണ് (സി.ഡി.സി) നിർദേശം. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കണം, ആറടി അകലം പാലിക്കണം, കൈകൾ കഴുകണം, ആൾക്കൂട്ടത്തിന്റെ ഭാഗമാകരുത് തുടങ്ങിയ മാർഗനിർദേശങ്ങളും യാത്റക്കാർക്കായി സി.ഡി.സി പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ പോലും ഇന്ത്യയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് പടരാൻ സാധ്യതയുണ്ടെന്നാണ് സി.ഡി.സിയുടെ വിലയിരുത്തൽ. കോവിഡ് വ്യാപനം രൂക്ഷമായ ലെവൽ 4 പട്ടികയിലാണ് ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇന്ത്യയെ ബ്രിട്ടൻ 'റെഡ് ലിസ്റ്റിൽ' ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദേശ യാത്രികർക്ക്, താൽക്കാലിക യാത്രാ നിരോധനമാണ് ബ്രിട്ടൻ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾപ്രകാരം 10 ദിവസത്തിനിടയിൽ ഇന്ത്യ സന്ദർശിച്ച വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ പ്രവേശിക്കാൻ കഴിയില്ല. അതേ സമയം ഇന്ത്യയിൽ കൊവിഡ് വ്യാപനം അതി രൂക്ഷമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് വ്യാപനത്തിനിടെ രോഗികൾക്ക് ഓക്സിജനും അവശ്യ മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ട്.