പക്ഷികളുടെ ഫോട്ടോകൾ എടുക്കുക കുറച്ചു പ്രയാസമുള്ള കാര്യമാണ്. പക്ഷി നിരീക്ഷകരെ സംബന്ധിച്ച് അതു പ്രശ്നമല്ല. കാരണം അവർക്കു പക്ഷിയുടെ രൂപവും അടയാളങ്ങളും നിരീക്ഷിച്ച് അവയെ തിരിച്ചറിയണമെന്നേയുള്ളൂ. വർഗവും വംശവും കണ്ടുപിടിക്കാൻ തെളിവിനായി ഒരു ചിത്രം വേണമെന്നേയുള്ളു. നല്ല ഒരു ബൈനോക്കുലർ ഉണ്ടെങ്കിൽ അവർക്ക് കാര്യങ്ങൾ വളരെ എളുപ്പവുമാണ്. എന്നാൽ ഫോട്ടോഗ്രാഫർമാർക്ക് അതുപോര. കഴിയുന്നത്ര ഡീറ്റെയിൽസ് കൂടിയേ കഴിയൂ അതും പറക്കുകയോ മറ്റോ ആണെങ്കിൽ ഫോട്ടോ എടുപ്പ് വളരെ ശ്രമകരമാണ്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാകുമ്പോൾ വന്യജീവികളെക്കുറിച്ചും അവയുടെ ജീവിത രീതികളെക്കുറിച്ചും പലതും അറിഞ്ഞിരിക്കണം. അന്തർദ്ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണെങ്കിൽ സാമാന്യമായല്ല അവയെപ്പറ്റിയെല്ലാം നല്ലരീതിയിൽ തന്നെ അറിഞ്ഞിരിക്കണം. കാരണം നമ്മുടെ നാട്ടുമ്പുറത്തും രാജ്യത്തും ഉള്ള പലയിനങ്ങളും ജീവികളും ചിലരാജ്യങ്ങളിൽ കാണുകയില്ല. അവിടെയുള്ള ചില ഇനങ്ങൾ ഇവിടെയും കാണില്ല. അപ്പോൾ മറ്റുരാജ്യക്കാർക്കു അറിയാനായി അവയുടെ പേര് ശാസ്ത്രീയനാമം, സ്വഭാവരീതി തുടങ്ങിയ പലകാര്യങ്ങളും ചിത്രത്തോടൊപ്പം വിശദീകരിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ആളുകളെ ചിന്താക്കുഴപ്പത്തി ലാക്കാൻ വേണ്ടി ഒരു ചിത്രം ഇട്ടതല്ല. പക്ഷികൾ പറക്കുന്ന ഫോട്ടോകൾ പല രീതിയിലും ആംഗിളുകളിലും എടുക്കാറുള്ള വ്യക്തിയാണ് ഞാൻ. അതും വലിയ ലെൻസുകൾ ഉപയോഗിച്ച് ട്രൈപ്പോഡില്ലാതെ കാമറ കൈയിൽ വച്ച് എടുക്കുകയാണ് പതിവ്. ഏറെ പ്രയാസമുള്ള കാര്യമാണ് ഇത്. എല്ലാം മാനുവലായി സിംഗിൾ ഷോട്ടിൽ തന്നെയാണ് എടുക്കാറുള്ളതും. അങ്ങനെയെടുത്തതിൽ ഒരു ഫോട്ടോയാണ് ഇത്. ഒറ്റനോട്ടത്തിൽ ഇതെന്താണെന്നു കണ്ടുപിടിക്കുക പ്രയാസമായിരിക്കും.
ചില വന്മരങ്ങളുടെ ഉണങ്ങിയ കായ് കറങ്ങി താഴേക്കു വീഴുന്നപോലെയോ ഏതോ പെയിന്റിംഗ് പോലെയോ തോന്നിക്കുന്ന ഇത് ഒരു പക്ഷി മുന്നോട്ടു പറക്കുമ്പോൾ അതിന്റെ പിന്നിൽ നിന്നെടുത്ത ദൃശ്യമാണ്. റോസ് ഫിഞ്ച് എന്നാണു ഇതിന്റെ പേര്. ചില സീസൺ സമയങ്ങളിൽ എത്താറുള്ള ഇത് ചെറു സംഘങ്ങളായാണ് കാണപ്പെടുന്നത്. നമ്മുടെ അങ്ങാടിക്കുരുവിയെക്കാൾ ഒരു അൽപ്പംകൂടി മാത്രമെ വലിപ്പമുള്ളൂ. ഇതിലെ പെൺപക്ഷികൾ ഏകദേശം കുരുവികളുടേതു പോലുള്ള നിറമാണ്. എന്നാൽ ആൺ പക്ഷികൾക്കു നല്ല റോസ് നിറമാണ്. തീരെ ചെറിയ പക്ഷികളാണെങ്കിൽ അവ പറക്കുന്ന പടങ്ങൾ എടുക്കുക അത്ര എളുപ്പമല്ല. കാരണം സബ്ജക്ട് ചെറുതായതിനാൽ ഫോക്കസ് ചെയ്യാൻ തന്നെ ബുദ്ധിമുട്ടാണ്. സാമാന്യം ഭേദപ്പെട്ട ഒരു പക്ഷി സങ്കേതം കൂടിയായ കൂനൂരിലെ സിംസ് പാർക്കിൽ നിന്നും എടുത്ത ഫീമെയിൽ റോസ് ഫിഞ്ച് പറക്കുന്നതിന്റെ പിന്നിൽ നിന്നുള്ള ദൃശ്യമാണ് ഇത്.