amappara

ഇടുക്കിയിലെ രാമക്കൽമേടിൽ പോയിട്ടുള്ളവർക്ക് അറിയാം ആ നാടിന്റെ ഭംഗിയും കൗതുകക്കാഴ്‌ചകളുമൊക്കെ. അത്തരത്തിലൊന്നാണ് ആമപ്പാറ. രാമക്കൽമേടിലെത്തുന്നവരൊക്കെ ആമപ്പാറയും കണ്ടാണ് മടങ്ങുന്നത്. ആമപ്പാറയിലെ പാറയിടുക്കിലൂടെയുള്ള യാത്ര സഞ്ചാരികളെ ചെറുതായിട്ടൊന്നുമല്ല രസം കൊള്ളിക്കുക.

ആമ തോടിനുള്ളിൽ ഒളിച്ചിരിക്കുന്നതുപോലെയുള്ള മഹാത്ഭുതമാണ് ആമപ്പാറയിലെ കാഴ്ചകളും. പുറമേ നിന്നു നോക്കിയാൽ പതിഞ്ഞിരിക്കുന്ന ആമയെ പോലെ തോന്നുമെങ്കിലും പാറയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നതോടെ സാഹസികത തുടങ്ങുകയായി. ഒരു വലിയ പാറയ്ക്കു ചുവട്ടിലായി രണ്ട് വലിയ പൊത്തുകൾ കാണാം. അതിലൂടെ നേരിയ വഴിയുമുണ്ട്. ഒന്നിലൂടെ കയറി മറ്റേ പൊത്തിലൂടെ പുറത്തിറങ്ങുന്നതാണ് ആമപ്പാറയിലെ കൗതുകം. ആദ്യ പൊത്തിലൂടെ നടന്നും നിരങ്ങിയുമൊക്കെ പാറയുടെ മറുഭാഗത്തെത്താം. മറ്റേ പൊത്തിലൂടെ സഞ്ചരിച്ചാൽ തിരിച്ചിറങ്ങാം. ഇവിടെയാണ് ശരിക്കുള്ള സാഹസികത തുടങ്ങുന്നത്. ഇത്തവണ നടന്ന് നീങ്ങുന്നതിനേക്കാൾ വെല്ലുവിളി ഇരുന്നും നിരങ്ങിയുമൊക്കെ പുറത്തേക്കെത്തുക എന്നതാണ്. അതിന് കഴിയാത്തവർക്ക് കയറിയ വഴിയേ തന്നെ തിരിച്ചിറങ്ങാനും കഴിയും. പാറപ്പുറത്തെ കാഴ്ചകളും മനോഹരമാണ്. നിരവധി പാറക്കൂട്ടങ്ങളുള്ളതുകൊണ്ട് തന്നെ അവിടെ മതിയവോളമിരുന്ന് കാറ്റ് കൊണ്ട് ഇടുക്കിയുടെ കാഴ്ചകളും മനസ് നിറയെ കാണാം. രാമക്കൽമേടിൽ നിന്നും ആമപ്പാറയിലേക്കുള്ള യാത്രയും അല്പം സാഹസികമാണ്. തോവാളപ്പടി ജംഗ്ഷനിൽ നിന്നും ജീപ്പിലാണ് പിന്നീടത്തെ യാത്ര. ഓഫ്രോഡ് യാത്ര ഇഷ്‌ടമുള്ളവരെ ആമപ്പാറയിലേക്കുള്ള യാത്ര ഹരം പിടിപ്പിക്കും.

എത്തിച്ചേരാൻ

നെടുങ്കണ്ടം – രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംഗ്ഷനായി. അവിടെ നിന്നും ജീപ്പിൽ ആമപ്പാറയിലെത്താം.