tdb

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള‌ള ക്ഷേത്രങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർ‌പ്പെടുത്തി. ക്ഷേത്രങ്ങളുടെ പ്രവർത്തന സമയം രാവിലെ 6 മുതൽ രാത്രി 7വരെയാക്കി. ഒരേ സമയം 10 പേരിൽ കൂടുതൽ ദർശനത്തിന് അനുവദിക്കില്ല. ക്ഷേത്രത്തിലെത്തുന്ന ഭക്തരെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമേ അകത്തേക്ക് വിടൂ.

ഉത്സവം ഉൾപ്പടെ പ്രധാന ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ആയി പരിമിതപ്പെടുത്തി. പൂജകൾ നടക്കുമ്പോൾ ശ്രീകോവിലിന് മുന്നിൽ തിരക്കുണ്ടാകാൻ അനുവദിക്കില്ല. വഴിപാടായള‌ള അന്നദാനവും മ‌റ്റ് പ്രധാന വഴിപാടുകളും അനുവദിക്കും. അതല്ലാത്ത അന്നദാനം ഉണ്ടാകില്ല. 60 വയസിന് മുകളിലുള‌ളവർക്കും 10 വയസിൽ താഴെയുള‌ള കുട്ടികൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ല.

ആനകളെ ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ അനുവാദമില്ല. അധവാ പങ്കെടുപ്പിക്കേണ്ടത് അത്യാവശ്യമെങ്കിൽ ബോർഡിന്റെ അനുമതി വാങ്ങണം. ഭക്തർ കൃത്യമായി സാമൂഹിക അകലം പാലിക്കണമെന്നും ദേവസ്വംബോർഡ് നിർ‌ദ്ദേശമുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോഗനിരക്ക് വർദ്ധിക്കുകയും ഇന്നുമുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുള‌ള തീർത്ഥാടനം ഉറപ്പാക്കാനാണ് ബോർഡ് നീക്കം.