പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീണ്ടും വെടിവെയ്പ്പ്. കുറുപ്പംപടി തുരുത്തിയിലാണ് കടം കൊടുത്തത് തിരികെ ചോദിച്ചയാൾക്ക് വെടിയേറ്റത്. തുരുത്തി പുനത്തിൽ കുടി പീട്ടിൽ വിഷ്ണു(സന്ദീപ് - 25)വിനാണ് ഇന്നലെ വെടിയേറ്റത്. തുരുത്തി തുരുത്തിമാലി വീട്ടിൽ ഹിരൺ (23) ആണ് വെടി ഉതിർത്തത്. വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്ന് അറിയുന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് പണം തിരികെ ചോദിക്കാൻ ഹിരണിന്റെ വീടിനു സമീപത്ത് ചെന്ന വിഷ്ണുവിനെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം എയർഗൺ ഉപയോഗിച്ചു വെടി ഉതിർത്തെന്നാണ് പരാതി. 'നിനക്ക് ഞാൻ പൈസ തരുവാൻ ഉണ്ടോടാ?' എന്ന് ചോദിച്ചു ഹിരൺ വീട്ടിൽ ഉണ്ടായിരുന്ന എയർഗൺ എടുത്തു വിഷ്ണുവിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് മൊഴി. വിഷ്ണുവിന്റെ കഴുത്തിനാണ് വെടിയേറ്റത്. ഇയാൾ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ചികിത്സയിലാണ്. എയർഗണ്ണുമായി ഹിരണിനെ പൊലീസ് പിടികൂടി. വെടി ഉതിർത്ത ഹിരൺ ടൂ വീലർ വർക്ക് ഷോപ്പ് നടത്തുകയാണ്. വിഷ്ണുവിന് പെയിന്റിംഗ് ജോലിയാണ്.