മോസ്‌കോ: ലോകരാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ജയിലിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ റഷ്യ ആശുപത്രിയിലേക്ക് മാറ്റി. റഷ്യയിൽ ഭരണപക്ഷത്തെ അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്ന പേരിൽ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയാണ് പുടിൻ ഭരണകൂടം നവൽനിയെ തടവിലാക്കിയത്. വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ നവൽനി ജർമ്മനിയിൽവിദഗ്ദ ചികിത്സയിലൂടെ സുഖം പ്രാപിച്ചു വരുന്നതിനിടയിലായിരുന്നു അറസ്റ്റ്. ജയിലിൽ ചികിത്സയ്ക്ക് സൗകര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നവൽനി നിരാഹാര സമരം ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് അമേരിക്കയും ജർമ്മനിയും ബ്രിട്ടനുമടക്കം നവാൽനിയുടെ മോചനവും ചികിത്സയും ആവശ്യപ്പെട്ടിരുന്നു. നവൽനിയെ തടവിലാക്കുക വഴി റഷ്യ ജനാധിപത്യത്തെ കുഴിച്ചുമൂടിയെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ആരോപിച്ചിരുന്നു. നവൽനിയെ മോചിപ്പിക്കാൻ അമേരിക്കസമ്മർദ്ദം ചെലുത്തുന്നത് റഷ്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന രൂക്ഷ വിമർശനമാണ് മോസ്‌കോ ഭരണകൂടം ഉന്നയിച്ചിരിക്കുന്നത്.
പുടിന്റെ ഏകാധിപത്യ ഭരണരീതിക്കെതിരെ ശക്തമായ ജനമുന്നേറ്റമാണ് നവൽനി നടത്തിക്കൊണ്ടിരുന്നത്. ഇതിനിടെയാണ് കഴിഞ്ഞ വർഷം സൈബീരിയയിൽ നിന്ന് വിമാനയാത്ര ചെയ്യുന്നതിനിടെ കുടിച്ച ചായയിൽ വിഷംകലർന്നതിനെ തുടർന്ന് അബോധാവസ്ഥയിലായത്.ഇതിന് പിന്നിൽ പുടിൻ ആണെന്ന് നവൽനിയും അദ്ദേഹത്തിന്റെ അനുയായികളും ആരോപിച്ചിരുന്നു