nanaiya-mahootta

വെല്ലിംഗ്ടൺ : വാണിജ്യ ഇടപാടുകളുടെ കാര്യത്തിൽ ചൈനയുടെ അമിതമായ ഇടപെടലും ന്യൂസിലാൻഡിന് ചൈനയോടുള്ള അമിതാശ്രയത്വം രാജ്യത്തിന് ഭാവിയിൽ ദോഷം ചെയ്യും എന്ന് ആശങ്ക പ്രകടിപ്പിച്ച് ന്യൂസിലാൻഡ് വിദേശകാര്യ വകുപ്പ് മന്ത്രി നനൈയ മഹൂട്ട രംഗത്ത്. രാജ്യത്തിന്റെ നിക്ഷേപങ്ങൾ മുഴുവൻ ഒരു രാജ്യത്ത് മാത്രം ഒതുക്കുന്നത് ബുദ്ധിപരമായ നീക്കമല്ലായെന്ന അഭിപ്രായമാണ് തന്റെ സുദീർഘമായ പ്രസംഗത്തിൽ മഹൂട്ട പറഞ്ഞത്.

പസഫിക് മേഖലയിൽ ചൈനയുടെ വല്യേട്ടൻ നയവും 'കടക്കെണി രാഷ്ട്രീയ'ത്തെക്കുറിച്ചും അവർ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ന്യൂസിലൻഡിന്റെ പുരോഗതിയിൽ ചൈനയ്ക്കുള്ള പങ്ക് വെറും വായ്പകൾ തന്നുകൊണ്ടാവരുതെന്നും അത് രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വിലങ്ങുതടിയാകുമെന്നും അവർ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് ചൈന കൗൺസിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മഹൂട്ട. ഈ അവസരത്തിൽ ചൈനയുമായുള്ള വ്യാപാര ബന്ധം അനുപേക്ഷണീയമാണ് എങ്കിലും, ഈ ബന്ധം ന്യൂസിലൻഡിന്റെ ഭാവി താത്പര്യങ്ങൾ കൂടി പരിഗണിച്ചുള്ളതാവണം എന്നും മഹൂട്ട സൂചിപ്പിച്ചു.