isis

കെയ്‌റോ: ഒരു ക്രിസ്തീയ വിശ്വാസി ഉൾപ്പെടെ മൂന്നു പേരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഈജിപ്റ്റിലെ ഭീകര സംഘടന. രാജ്യത്തെ സായുധ സേനയെ പിന്തുണയ്ക്കുന്നവർക്കുളള താക്കീതെന്നോണമാണ് ഇവരെ വധിച്ചത്. ഐസിസുമായി (ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ആൻഡ് സിറിയ) ബന്ധമുളള ഭീകര സംഘടനയാണിത്.

ഈജിപ്റ്റിലെ ന്യൂനപക്ഷമായ കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിലെ അംഗമായ നബീൽ ഹബാഷി സലാമയെയാണ് ഭീകരർ വധിച്ചത്. 62 വയസുകാരനായ ഇദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ വെടിവയ്ക്കുകയായിരുന്നു. ഇദ്ദേഹത്തെക്കൂടാതെ രണ്ട് ഗോത്ര വിഭാഗക്കാരെ വധിക്കുന്ന വീഡിയോയും ഭീകരർ പുറത്തു വിട്ടിട്ടുണ്ട്.

nabil-habashi-salama

പുറത്തുവന്നിരിക്കുന്ന വീഡിയോയിലുളള ഭീകരുടെ മുഖം അവ്യക്തമാണ്. നെഞ്ചിനു കുറുകെ എകെ47 തോക്കുമേന്തി നിൽക്കുന്ന ഭീകരൻ തന്റെ ചൂണ്ടുവിരൽ ഉയർത്തി 'ഈജിപ്ത് സൈന്യത്തെ പിന്തുണയ്ക്കുന്നതിനു നിങ്ങൾ കൊടുക്കുന്ന വിലയാണിത്' എന്ന് പറയുന്നു. ശേഷം, മുന്നിൽ മുട്ടിലിരുത്തിയിരിക്കുന്ന സലാമയുടെ തലയിലേയ്ക്ക് നിറയൊഴിയ്ക്കുകയായിരുന്നു. വീഡിയോയിലുളള മറ്റു രണ്ടു ഭീകരുടെ കൈയിലും എകെ47 റൈഫിളുകളുണ്ട്.

കഴിഞ്ഞ നവംബറിലാണ് സലാമയെ കാണാതായത്. ബിർ അൽ-അബേദിലെ തെരുവിൽ നടക്കുന്നതിനിടെ അദ്ദേഹത്തെ കാറിലെത്തിയ ഭീകരർ തട്ടിക്കൊണ്ട് പോവുകയായിരുന്നു. സമാനരീതിയിൽ ഈജിപ്ഷ്യൻ സായുദ്ധ സേനയുടെ കൂടെ പേരാട്ടത്തിൽ പങ്കെടുത്തു എന്നാരോപിച്ച് രണ്ട് ഗോത്രവർഗക്കാരെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോയും ഭീകരർ പ്രത്യേകം പുറത്തുവിട്ടിട്ടുണ്ട്.

isis

വീഡിയോയിലുളളത് സമാമ തന്നെയാണെന്ന് കോപ്റ്റിക് ചർച്ച് വക്താവ് സ്ഥിരീകരിച്ചു. കൊല്ലപ്പെടുന്ന നിമിഷം വരെ സലാമ വിശ്വാസം കാത്തുസൂക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. വിദ്വേഷകരമായ ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനുള്ള ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് ഉറച്ച പിന്തുണ നൽകുന്നതായി സഭ പ്രതികരിച്ചു.