തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് ഹെെക്കോടതി ശരിവച്ചതിന് പിന്നാലെ കെ.ടി. ജലീലിനെ ട്രോളി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. നിയമസഭയിൽ ജലീൽ നടത്തിയ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് ഫിറോസിന്റെ പരിഹാസം.
പ്രതിപക്ഷം പറയുന്ന ആക്ഷേപം ശരിയാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ അന്ന് ഞാൻ എന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കും. ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ? എന്ന് ജലീൽ സഭയിൽ ചോദിച്ച ഭാഗമാണ് ഫിറോസ് പങ്കുവച്ചിരിക്കുന്നത്. കമോണട്രോ മഹേഷേ... എന്ന സിനിമാ ഡയലോഗും അദ്ദേഹം തന്റെ പോസ്റ്റിന് തലക്കെട്ടായി നൽകിയിട്ടുണ്ട്.
ജലീൽ പറഞ്ഞവാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേരാണ് ഫിറോസിന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. 'പറഞ്ഞ വാക്കിന് വില കൽപ്പിക്കുന്നവനാണെങ്കിൽ (സ്വപ്നങ്ങളിൽ മാത്രം) വാക്ക് പാലിക്ക്. ഇജ്ജ് വാക്ക് പാലിച്ച് ആൺകുട്ടിയാണെന്ന് തെളിയിക്ക്. ഈ നിമിഷം മുതൽ അവസാനിപ്പിക്കണം പൊതുപ്രവർത്തനം, കഴിയുമോ ജലീലിന്' തുടങ്ങിയ കമന്റുകളാണ് ഏറെയും.