ലണ്ടൻ: യൂറോപ്യൻ സൂപ്പർ ലീഗ് എന്ന പേരിൽ പ്രമുഖ ടീമുകൾ പുതിയൊരു ലീഗ് തുടങ്ങാൻ മുന്നിട്ടിറങ്ങിയതിന് പിന്നാലെ വലിയ വിവാദങ്ങളും വിമർശനങ്ങളുമാണ് അരങ്ങേറുന്നത്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ആഴ്സനൽ, ടോട്ടൻഹാം ഹോട്സ്പർ, സ്പാനിഷ് ലീഗിൽ നിന്ന് റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്, ഇറ്റലിയിലെ യുവന്റസ്, ഇന്റർ മിലാൻ, എ.സി മിലാൻ എന്നീ ക്ലബുകളാണ് ലീഗിന്റെ സ്ഥാപക അംഗങ്ങൾ. മൂന്ന് ടീമുകൾ കൂടി ഉടൻ ലീഗിന്റെ ഭാഗമാകും. 20 ടീമുകളാണ് ലീഗിൽ മത്സരിക്കുകയെന്നും ഇതിൽ അഞ്ച് ടീമുകൾക്ക് യോഗ്യതാ മത്സരങ്ങളിലൂടെ ലീഗിലേക്ക് പ്രവേശനം നേടാമെന്നുമാണ് ദി സൂപ്പർ ലീഗ് പത്രക്കുറിപ്പിൽ അറിയിച്ചത്.
എന്നാൽ ഈ ക്ലബുകളുടെയെല്ലാം ആരാധകർ വലിയ പ്രതിഷേധങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു സൂപ്പർ ലീഗ് ഫുട്ബാളിനെ നശിപ്പിക്കുമെന്നാണ് ഇംഗ്ലണ്ട് പ്രധാന മന്ത്രി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടത്. ഫുട്ബാൾ അസോസിയേഷനുകളുമായും ക്ലബ് പ്രതിനിധികളുമായും ആരാധകരുടെ പ്രതിനിധികളുമായും കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തയ്യാറായി. സൂപ്പർ ലീഗിൽ ഇംഗ്ലീഷ് ക്ലബുകൾ പങ്കെടുക്കുനനതിനെ എങ്ങനെയും തടയാനുള്ള ശ്രമങ്ങളാണ് പ്രധാന മന്ത്രിയുടെ ഭാഗത്ത് നിന്നുള്ളത്. സൂപ്പർ ലീഗിൽ ഉൾപ്പെട്ട ക്ലബുകളിലെ കോച്ചുമാരും താരങ്ങളും പോലും എതിർശബ്ദമുയർത്തിക്കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള ഇത് ഫുട്ബാളിന്റെ നാശത്തിനാണെന്ന് പറഞ്ഞപ്പോൾ ആരാധകരില്ലെങ്കിൽ ഫുട്ബാൾ ഒന്നുമല്ലെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ മാറ്റ്് ബുസ്ബിയുടെ വാക്കുകൾ ക്ലബിന്റെ ഇപ്പോഴത്തെ സൂപ്പർതാരം മാർക്കസ് റാഷ് ഫോർഡ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
കഴിഞ്ഞ ദിവസം ലിവർ പൂളിനെതിരെ പ്രിമിയർ ലീഗ് മത്സരത്തിന് മുമ്പ് വാം അപ്പിനിറങ്ങിയ ലീഡ്സ് യുണൈറ്റഡ് താരങ്ങൾ ഫുട്ബാൾ ആരാധകരുടെയാണെന്ന് എഴുതിയ ജേഴ്സിയാണ് ധരിച്ചത്. ഫിഫയും യു.ഇ.എഫ്.എയും സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ക്ലബുകളെ വിലക്കുമെന്നും താരങ്ങളെ ലോകകപ്പിലും മറ്റും കളിപ്പിക്കില്ലെന്നും വ്യക്തമാക്കിക്കഴിഞ്ഞു.
പണം തന്നെയാണ് ഇങ്ങനെയൊരു വമ്പൻ ക്ലബുകളുടെമുതലാളിമാർ ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണം. 400 കോടി യൂറോ (ഏകദേശം 36000 കോടി)യാണ് സംപ്രേഷണാവകാശത്തിലൂടെ ലഭിക്കും.ചാമ്പ്യൻസ് ലീഗിൽ ജയിച്ചാൽ കിട്ടുന്നത് 80 മില്യൺ യൂറോയാണ്.
സൂപ്പർ ലീഗിൽ പങ്കെടുത്താൽത്തന്നെ 350 മില്യൺ യൂറോ ക്ലബിന് നൽകുമെന്നാണ് വാഗ്ദാനം. യു.ഇ.എഫ്.എ വരുമാനത്തിന്റെ പകുതി മാത്രമാണ് ക്ലബുകൾക്ക് നൽകുന്നത്. ബാക്കി തുക ഫുട്ബാളിന്റെ ഉന്നമനത്തിനാണ് ഉപയോഗിക്കുന്നത്. എന്നാൽ സൂപ്പർ ലീഗുകാർ ഫുട്ബാളിന്റെ ഉന്നമനത്തിന് എന്ത് ചെയ്യുമെന്ന് വ്യക്തമാക്കുന്നില്ല.
എന്നാൽ സൂപ്പർ ലീഗ് ഫുട്ബാളിനെ സംരക്ഷിക്കാനാണെന്നാണ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീന പെരസിന്റെ അഭിപ്രായം.മാറ്റം കൊണ്ടുവരാൻ ശ്രമിച്ചപ്പോഴെല്ലാം എതിർപ്പുകൾ ഉണ്ടിയിട്ടുണ്ടെന്നും ഫുട്ബാളിന്റെ വളർച്ചയ്ക്കാണ് സൂപ്പർ ലീഗ് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ പിന്തുണകളേക്കാൾ എതിർപ്പുകളാണ് എല്ലായിടത്തു നിന്നും സൂപ്പർ ലീഗിനെച്ചൊല്ലി ഉയരുന്നത്.