-jaleel

തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് ഹെക്കോടതി ശരിവച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ആരോടും ദേഷ്യമില്ല. ഹൈക്കോടതിയും ലോകായുക്ത വിധി അംഗീകരിച്ചതായാണ് പ്രാഥമിക വിവരം. വിധി പകർപ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തന്നിഷ്ടക്കാർക്കെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർധ സർക്കാർ സ്ഥാപനത്തെ, നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂൾഡ് ബാങ്കുകളിലൊന്നിൽ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാൻ ശ്രമിച്ച ആത്മാർത്ഥതയെ "തലവെട്ടു" കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ച സുഹൃത്തുകളോടും നിഷ്പക്ഷ നിരീക്ഷകരോടും ദേഷ്യം ഒട്ടുമേ ഇല്ല. ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ടപ്പെടുത്താത്ത തീർത്തും നിരുപദ്രവകരമായ ഒരു പ്രശ്നം രാഷ്ട്രീയ ശത്രുക്കൾ ഇത്രമേൽ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുൻകരുതൽ എടുക്കാത്തതിൽ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല. മനുഷ്യൻ്റെ അകമറിയാൻ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നൽകുന്ന കരുത്ത് ചെറുതല്ല.

ബഹുമാനപ്പെട്ട ലോകായുക്തയുടെ വിധിയെ തുടർന്നാണ് ഞാൻ രാജിവെച്ചത്. നിയമ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ഹൈകോടതിയുടെ വിധിക്കു കാത്തുനിൽക്കാതെ തന്നെ ലോകായുക്തയുടെ വിധി നടപ്പിലാക്കപ്പെട്ടു. അതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതിയും പ്രസ്തുത വിധി ഇന്ന് അംഗീകരിച്ചതായാണ് പ്രാഥമിക വിവരം. വിധി പകർപ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈകൊള്ളും.