ന്യൂഡൽഹി : കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെയാണ് വന്നതെന്നും ദിശാബോധത്തോടെ പ്രവർത്തിച്ചാൽ നമ്മളത് മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കൊവിഡ് രാജ്യത്ത് അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. കഴിഞ്ഞ വർഷം കുറച്ച് കൊവിഡ് കേസുകൾ വന്നപ്പോൾ തന്നെ രാജ്യത്തെ വാക്സിനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു, പകലും രാത്രിയുമില്ലാതെ പ്രവർത്തിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞർ രാജ്യത്തിനായി വാക്സിൻ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ വാക്സിൻ ലഭ്യമാകുന്നത്. . രാജ്യത്ത് ഇതു വരെ 12 കോടി ഡോസ് വാക്സിൻ നൽകി. തദ്ദേശീയമായി ഇന്ത്യ രണ്ട് വാക്സിനുകൾ നിർമ്മിച്ചു. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ വാക്സിൻ ലഭിക്കുന്നത് ഇന്ത്യയിലാണ്. മേയ് ഒന്നുമുതൽ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകിത്തുടങ്ങും.നിലവിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളി വലുതാണ്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് അതിനെ മറികടക്കാനാവുമെന്ന് മോദി പറഞ്ഞു
ജനങ്ങളുടെ പ്രയാസം തിരിച്ചറിയുന്നു. കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതി ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യുമെന്നും മോദി പറഞ്ഞു. നമ്മുടെ കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതിൽ മുതിർന്ന പൗരൻമാരെയും ഇതിനോടകം വാക്സിനേറ്റ് ചെയ്ത് കഴിഞ്ഞു. രാജ്യത്ത് നിർമ്മിക്കുന്ന വാക്സിനുകളിൽ പകുതി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവർത്തനം ജീവൻ രക്ഷിക്കാനായാണെന്നും മോദി വ്യക്തമാക്കി.