
@അന്ത്യം ആറാം തവണയും അധികാരമേൽക്കാനിരിക്കെ
ൻജമീന: മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ഭരണം നടത്തുന്ന പ്രസിഡന്റ് ഇദ്രിസ് ഡെബി ഇത്‌നോ (68) ആറാംതവണയും അധികാരമേൽക്കാനിരിക്കെ വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഏപ്രിൽ 11ലെ തിരഞ്ഞെടുപ്പിൽ ഇദ്രിസിനെ വിജയിയായി ഇന്നലെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം കൊല്ലപ്പെട്ടതായി സൈന്യം ദേശീയ ടെലിവിഷനിൽ അറിയിച്ചത്. ആറുവർഷത്തേക്ക് കൂടി അദ്ദേഹം പ്രസിഡന്റാവേണ്ടതായിരുന്നു. ഇദ്രിസിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പുത്രൻ മഹമദ് ഇദ്രിസ് ഡെബി ( 37 ) ഇടക്കാല ഭരണ കൗൺസിലിനെ നയിക്കും.
തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 11ന് തന്നെ വിമതർ ആക്രമണം തുടങ്ങിയിരുന്നു. സൈന്യം തിരിച്ചടിച്ചെങ്കിലും കീഴ്പ്പെടുത്താനായില്ല. പ്രതിപക്ഷ നേതാക്കൾ ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ 79.3 ശതമാനം വോട്ടുമായി ഇദ്രിസ് ഡെബി വിജയിച്ചു. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് യുദ്ധത്തിന് നേതൃത്വം നൽകാനായി അദ്ദേഹം വടക്കൻ ഛാഡിലെ വിദൂര മേഖലയിലേക്ക് പോയത്. ലിബിയയിൽ നിന്ന് ആയുധങ്ങളും സൈനിക പരിശീലനവും ലഭിച്ച ഫ്രണ്ട് ഫോർ ചേഞ്ച് ആൻഡ് കോൺകോർഡ് ഇൻ ഛാഡ് എന്ന വിമത സേന ലിബിയൻ അതിർത്തി കടന്നാണ് ഛാഡിൽ എത്തിയത്. 300 ഓളം വിമതരെ ഇദ്രിസ് ഡെബിയുടെ സൈന്യം വധിച്ചിരുന്നു.
1990ൽ സൈനിക കമാൻഡറായിരുന്ന ഇദ്രിസിന്റെ വിമതസേന പ്രസിഡന്റ് ഹിസനെ ഹാബെയെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്.പിന്നീട് ഇപ്പോഴത്തെ വിമതർ നടത്തിയ നിരവധി സായുധ കലാപങ്ങളെ അദ്ദേഹം അതിജീവിച്ചിരുന്നു.
ആഫ്രിക്കയിലെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഫ്രാൻസിനെ കൂട്ടുപിടിച്ച ഇദ്രിസ് ഫ്രാൻസിന് ഛാഡിൽ സൈനിക താവളം അനുവദിച്ചിരുന്നു.