കണ്ണൂർ: എ.ടി.എം കാർഡ് മോഷ്ടിച്ച് പണം തട്ടിയ മോഷ്ടാവിന്റെ സഹോദരിയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ പൊലീസുകാരന് സസ്പെൻഷൻ. കവർന്ന എ.ടി.എം. കാർഡിൽ നിന്ന് 70,000 രൂപ തട്ടിയെടുത്ത പ്രതിയുടെ സഹോദരിയെ വിളിച്ച് എ.ടി.എം കാർഡ് പിൻനമ്പർ നേടിയെടുത്ത് 50,000 രൂപ തട്ടിയെടുത്ത പൊലീസുകാരനെ ആണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടന്നപ്പള്ളി പടിഞ്ഞാറേക്കര സ്വദേശി ഇ.എൻ ശ്രീകാന്തിനെയാണ് സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് രാത്രി ഒൻപതരയ്ക്ക് താഴെ ബക്കളം സ്നേഹഇൻ ഹോട്ടലിന് സമീപം തകരാറിലായി നിന്നുപോയ ചൊക്ലി ഒളവിലത്തെ മനോജ്കുമാറിന്റെ ഓട്ടോടാക്സിയിൽ നിന്നും എ.ടി.എം കാർഡ് ഉൾപ്പെടെ പേഴ്സ് തട്ടിയെടുത്ത പുളിമ്പറമ്പിലെ ഗോകുലിനെ രണ്ടിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോകുൽ പേഴ്സിലെ എ.ടി.എം കാർഡ് ഉപയോഗിച്ച് തട്ടിയെടുത്ത പണം തന്റെ സഹോദരിയുടെ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തിരുന്നത്. പൊലീസ് ഗോകുലിനെ പിടിച്ച സമയത്ത് കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എ.ടി.എം ശ്രീകാന്ത് കൈവശപ്പെടുത്തിയിരുന്നു. പിന്നീട് സഹോദരിയെ വിളിച്ച് പിൻ നമ്പർ വാങ്ങിയാണ് അക്കൗണ്ടിൽ നിന്ന് ഇയാൾ പല തവണയായി 50,000 രൂപ പിൻവലിച്ചത്. ആരാണ് പണം പിൻവലിച്ചതെന്നറിയാതെ പണം നഷ്ടപ്പെട്ട യുവതി കഴിഞ്ഞ 10 ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്താണ് പണം തട്ടിയെടുത്തതെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രൻ കണ്ണൂർ റൂറൽ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
മണൽലോറി ആക്രിക്കടയിൽ വിറ്റ പൊലീസ്
മോഷ്ടാവിന്റെ എ.ടി.എമ്മിലും കൈയിട്ടു
തൊണ്ടിമുതലായ മണൽലോറി ആക്രിക്കടയിൽ തൂക്കിവിറ്റ് പുട്ടടിച്ച തളിപ്പറമ്പ് പൊലീസ്, ശീലം ഇനിയും ഉപേക്ഷിച്ചില്ല. ഇത്തവണ കള്ളന്റെ എ.ടി.എം കാർഡിന്റെ പാസ്വേഡ് മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. പെൺകുട്ടിയെ പിറകെ നടന്ന് ശല്യം ചെയ്യുന്നു എന്ന പരാതിയിൽ യുവാവിനെ രക്ഷിതാക്കളുടെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച വിവാദത്തിന് പിന്നാലെയാണ് സേനയ്ക്ക് അപമാനമായി പുതിയ വിവാദം.
എം.ടി.എം തട്ടിപ്പ് സംഭവം പുറത്തുവന്നതോടെ തളിപ്പറമ്പ് പൊലീസിന്റെ കൊള്ളയ്ക്കിരയായ പലരും തങ്ങളുടെ സമാന അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ആക്സിഡന്റ് കേസുകളിൽ ഇടനിലക്കാരായി നിന്ന് പണം തട്ടുന്നതാണ് എസ്.ഐ റാങ്കിൽ നിന്ന് മുകളിലേക്ക് വരെയുള്ളവരുടെ പ്രധാന പണിയെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ച് മായ്ച്ച് കളയുന്നതിനാൽ വിവാദങ്ങളൊന്നും ഇവരെ ബാധിക്കുന്നേയില്ല.
പിടിയിലായ സിവിൽ പൊലിസ് ഓഫിസർക്ക് മാത്രമല്ല മറ്റു പലർക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കേസിലെ പ്രതിയായ സിവിൽ പൊലിസ് ഓഫിസറെ കേസിൽ നിന്നും രക്ഷിക്കാനായുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നതായ ആരോപണം ഉയർന്നിട്ടുണ്ട്. മോഷ്ടാവിന്റെ എ.ടി.എം കാർഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അരലക്ഷം രൂപയോളം കൈക്കലാക്കിയെന്നാണ് കേസ്. തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഇ.എൻ. ശ്രീകാന്താണ് അരലക്ഷം രൂപയോളം തട്ടിയത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ശ്രീകാന്തിനെ വകുപ്പ് തല അന്വേഷണത്തിന് വിധേയമാക്കി സസ്പെൻഡ് ചെയ്ത് കേസ് ഒതുക്കാൻ ശ്രമിച്ചുവെങ്കിലും ഇപ്പോഴും വിവാദം അടങ്ങിയിട്ടില്ല.
കാർഡ് തട്ടിയെടുത്തതിന് ശേഷം ഏപ്രിൽ ഏഴുമുതൽ വിവിധ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുകയായിരുന്നു. എ.ടി.എം കാർഡിന്റെ പിൻ കോഡ് കേസിന്റെ ആവശ്യത്തിന് ആവശ്യമുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയുടെ ഫോണിൽ വിളിച്ചു വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായുള്ള സന്ദേശം മൊബൈൽ ഫോണിൽ വന്നതോടെയാണ് സഹോദരി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിർദ്ദേശാനുസരണം സി.ഐ വി. ജയകുമാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. നേരത്തെ തൊണ്ടിമുതൽ ആക്രകടയിൽ വിൽപ്പന നടത്തിയ സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്തിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല.