bineesh-kodiyeri

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയിൽ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേട്ടു. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) എതിർവാദം വ്യാഴാഴ്ച കോടതി കേൾക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. നവംബർ 11 മുതൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.