തിരുവനന്തപുരം: യു.എൻ സാമ്പത്തിക, സാമൂഹിക സമിതിയിൽ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്ല്യു.എച്ച്.ഐയുടെ പ്രഥമ ഗോൾഡൻ ലാന്റേൺ ദേശീയ പുരസ്‌കാരത്തിന് ഓർത്തഡോക്‌സ് സഭാ മുംബയ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അർഹനായി. ഔദ്യോഗിക പ്രവർത്തന മേഖലയ്ക്ക് പുറത്ത്, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം.
മുംബയിലെ ചേരികളിൽ നിന്നുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന തുടർപദ്ധതിക്കും ചേരികളിലെ ക്ഷയരോഗികൾക്കായി ആവിഷ്‌കരിച്ച ആരോഗ്യ, ചികിത്സാ പദ്ധതിക്കും നൽകിയ വിപ്ലവകരമായ നേതൃത്വത്തിനൊപ്പം വിദ്യാഭ്യാസരംഗത്തു നൽകിയ സമഗ്രസംഭാവനകൾ കൂടി പരിഗണിച്ചാണ് കൂറിലോസിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഡബ്ല്യു.എച്ച്.ഐ ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി പറഞ്ഞു. ഇതോടെ യു.എൻ ഇന്റർനാഷണൽ വിമൻ കോൺഫറൻസിന്റെ അടുത്ത സമ്മേളനത്തിൽ ഗ്രിഗോറിയൻ കമ്മ്യൂണിറ്റിയെ കുറിച്ചും ചേരി മേഖലകളുടെ പുനരുദ്ധാരണ പദ്ധതികളെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ഗീവർഗീസ് മാർ കൂറിലോസിന് അവസരം ലഭിക്കും.
ജൂലായിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരം സമ്മാനിക്കും. സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഡബ്ള്യു.എച്ച്.ഐ ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി, ഡബ്ല്യു.എച്ച്.ഐ പ്രതിനിധികളായ രാധിക സോമസുന്ദരം,കെ.പി.കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.