army

ന്യൂഡൽഹി: ഇരുനൂറ് നൈജീരിയൻ സൈനികർക്ക് മൂന്ന് മാസത്തെ പരിശീലനം നൽകി ഇന്ത്യൻ സൈന്യം. ഭീകരരെ ശക്തമായി നേരിടുന്നതിനുള്ള പരീശീലനമാണ് ഇന്ത്യൻ സൈന്യം നൽകിയത്. ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നവരെ (ഗറില്ലായുദ്ധം) തുരത്താനായിട്ടുള്ള പരിശീലനമായിരുന്നു ഇതിൽ മുഖ്യം. ഇതിലൂടെ ബോക്കോ ഹറാം തീവ്രവാദികളെ തുരത്താൻ നൈജീരിയൻ സൈന്യത്തിനാവും എന്നാണ് കരുതുന്നത്. ജനുവരി 22 നും ഏപ്രിൽ 18 നും ഇടയിലാണ് പരിശീലനം നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


ഗറില്ലായുദ്ധത്തിന്റെ സൂക്ഷ്മതയെക്കുറിച്ചും അതിന്റെ ഓരോഘട്ടങ്ങളെയും കുറിച്ച് വിശദീകരിച്ചതിനൊപ്പം പുറത്തുനിന്നുള്ള ശത്രുക്കളെ കൈകാര്യം ചെയ്യാനുള്ള പരിശീലനവും നൽകി. ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ നൈജീരിയ അഭിനന്ദിക്കുകയും ചെയ്തു.

നൈജീരിയയിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ബോകോ ഹറാം . പ്രാദേശിക ഭാഷയിൽ 'പാശ്ചാത്യ വിദ്യാഭ്യാസം വിലക്കിയിരിക്കുന്നു' എന്നാണ് ബോകോ ഹറാം എന്ന പേരിന്റെ അർത്ഥം. മുഹമ്മദ് യൂസഫാണ് 2002ൽ ഈ സംഘടനയ്ക്ക് രൂപം നൽകിയത്. കൊടുംക്രൂരതയാണ് ഇവരുടെ മുഖമുദ്ര. ആയിരക്കണക്കിന് നിരപരാധികളാണ് ഇവരുടെ ആക്രമണത്തിൽ ഇതിനകം കൊല്ലപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ചാവേറുകളാക്കിയാണ് ഇവർ ആക്രമണം നടത്തുന്നത്. അത്യന്താധുനികമായ ആയുധങ്ങളുമായി പോരടിക്കുന്ന ഇവർക്കുമുന്നിൽ പിടിച്ചുനിൽക്കാൻ നൈജീരിയൻ സൈന്യത്തിന് പലപ്പോഴും കഴിയാറില്ല. ബോക്കോഹറാമിന് ഐസിസിന്റെ സഹായവും ലഭിക്കുന്നുണ്ട്.