ramakrishnan

തിരുവനന്തപുരം: സരിത എസ് നായരുടെ ജോലി വാഗ്ദ്ധാന തട്ടിപ്പിൽ ഉന്നതരുടെ ബന്ധം പറയുന്ന ശബ്‌ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്‌ണനും ബെവ്‌കോ എം ഡിയായിരുന്ന സ്‌പർജൻ കുമാറിനും തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നു എന്ന് സരിത അവകാശപ്പെടുന്ന ശബ്‌ദരേഖയാണ് പുറത്തായിരിക്കുന്നത്. പരാതിക്കാർ തന്നെയാണ് ഈ ശബ്‌ദരേഖ പൊലീസിന് കൈമാറിയത്.

പണം നൽകിയ ശേഷം നിയമനം നടക്കാതെവന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴാണ്‌ സരിതയുടെ പ്രതികരണം. നിയമനത്തിനായി പണം നൽകിയവരോട് മന്ത്രി ടി പി രാമകൃഷ്‌ണന് സംസാരിക്കണമെന്ന് പറഞ്ഞതായാണ് ശബ്‌ദരേഖയിൽ വ്യക്തമാക്കുന്നത്. മന്ത്രിക്കും എം ഡിക്കും തട്ടിപ്പിനെ കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടെന്നാണ് ശബ്‌ദേരേഖയിൽ പരാതിക്കാരോട് സരിത പറയുന്നത്.

കെ ടി ഡി സിയിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വാഗ്ദ്ധാനം ചെയ്‌ത് പതിനാറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സരിത നായർ അടക്കമുളളവർക്ക് എതിരായ കേസ്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവരും പ്രതികളാണ്. നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരാണ് പരാതി നൽകിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

സ്‌പർജൻ കുമാർ അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിർബന്ധമുളള ആളാണെന്നും ശബ്‌ദരേഖയിൽ പറയുന്നു. അതിനുശേഷം നിയമനം ശരിയായെന്നും ജോലിയിൽ കയറാൻ ബെവ്‌കോ മാനേജർ ടി മീനാകുമാരിയെ കാണാനും സരിത നിർദേശിക്കുന്നത് ശബ്‌ദരേഖയിലുണ്ട്.