covid

കോട്ടയം: കോട്ടയത്ത് വാക്‌സിനേഷൻ ക്യാമ്പിൽ ടോക്കൺ വിതരണത്തിൽ അപാകത. ബേക്കർ സ്‌കൂളിലെ ക്യാമ്പിലാണ് തുടർച്ചയായി മൂന്നാംദിവസവും വൻ തിരക്കാണ് അനുഭവപ്പെട്ടത്. രജിസ്റ്റർ ചെയ്യാതെയും ആളുകളെത്തിയതാണ് വാക്‌സിൻ വിതരണം താളം തെറ്റിയതിന് പ്രധാന കാരണം. ഇതോടെ സാമൂഹ്യ അകലം ഉൾപ്പടെ പേരിന് മാത്രമായി.വാക്‌സിൻ എടുക്കേണ്ടവർ രജിസ്റ്റർ ചെയ്യണമെന്ന് നിബന്ധന ഉണ്ടായിരുന്നു.

രാവിലെ ആറര മുതൽ ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയിട്ടില്ല. പൊലീസിന്റെ വീഴ്‌ചയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രധാന ആക്ഷേപം. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമവും രൂക്ഷമാണ്. കൊയിലാണ്ടി നഗരസഭയിലെ കൊവിഡ് വാക്‌സിൻ ക്യാമ്പ് മാറ്റിവച്ചു. പത്തനംതിട്ട ജില്ലയിൽ 90 കേന്ദ്രങ്ങളിൽ 83 ഇടത്തും വാക്‌സിനേഷൻ മുടങ്ങി. ഏഴ് കേന്ദ്രങ്ങളിൽ അവശേഷിക്കുന്നത് 3500 ഡോസ് മാത്രമാണ്.