വരുന്ന അഞ്ചുവർഷം കേരളം ഭരിക്കാനായി ജനവിധി നേടിയ ഒരു സർക്കാർ ഏതാനും ദിവസങ്ങൾക്കകം അധികാരമേൽക്കും. ഭരണത്തിലേറിയാൽ എന്തൊക്കെ ചെയ്യുമെന്ന് ഓരോ മുന്നണിയും തങ്ങളുടെ മാനിഫെസ്റ്റോകളിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. മാനിഫെസ്റ്റോ മുഴുവനും നടപ്പിലാക്കിയാലും ഭരണത്തിന് പൂർണതയോ, ജനാധിപത്യ ചാരുതയോ, സംതൃപ്തിയോ ഉണ്ടാവുകയില്ല. എന്തെന്നാൽ ജനാധിപത്യത്തെ അർത്ഥപൂർണമാക്കുന്ന സുതാര്യതയുടെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഭരണ സംവിധാനങ്ങൾക്ക് ഇപ്പോഴും വലിയ മതിപ്പോ വിശ്വാസമോ പ്രതിബദ്ധതയോ ഇല്ല. ഓരോ പദ്ധതിയുടെയും തീരുമാനത്തിന്റെയും രഹസ്യ സ്വഭാവം സൂക്ഷിക്കാനാണ് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ സ്വാഭാവിക പ്രേരണ. അത് എപ്പോഴും ദുരുദ്ദേശ്യത്തോടെയാണെന്നല്ല. അതാണ് പരിശീലിച്ച ശൈലി. മാത്രവുമല്ല ജനങ്ങളെ എന്തിനാണ് എല്ലാ കാര്യങ്ങളും അറിയിക്കുന്നതെന്ന സംശയത്തിന് ആശയപരമായ വ്യക്തത ഇപ്പോഴുമില്ല. ഭരണം ഇപ്പോൾ തന്നെ സുതാര്യമാണല്ലോ; അതുകൊണ്ടു പ്രത്യേകിച്ച് സുതാര്യതയെക്കുറിച്ചു പറയേണ്ടതില്ലെന്ന് കരുതുന്നവരുണ്ടാകാം. സുതാര്യമാക്കൽ എളുപ്പമല്ല എന്ന വിശ്വാസവും പ്രബലം. സുതാര്യതയുടെ കുറവുകൊണ്ട് അത്രവലിയ ബുദ്ധിമുട്ടൊന്നും ആർക്കും ഉണ്ടാകാനിടയില്ല എന്ന (വ്യാജ) വിശ്വാസത്തിൽ കഴിയുന്നവരുമുണ്ട്. ഈ നിലപാടുകളിലെല്ലാമുണ്ട് വാസ്തവത്തിന് നിരക്കാത്ത മുൻവിധികൾ.
ഭരണത്തിൽ ഇപ്പോൾത്തന്നെ സുതാര്യതയുണ്ടെന്ന വിശ്വാസം യുക്തിക്കു നിരക്കുന്നതാണോ? വിവരാവകാശ നിയമത്തിന്റെ പിൻബലത്തിൽ പോലും വിവരങ്ങൾ കിട്ടാൻ എളുപ്പമല്ല. ഓരോ ഓഫീസിലും നിലവിലിരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചു വ്യക്തതയില്ല. ചില നേരങ്ങളിൽ ചിലരൊക്കെ വ്യക്തത വരുത്താൻ ശ്രമിക്കാറുണ്ടെങ്കിലും ഓരോ സീറ്റിലുമിരിക്കുന്നവർക്ക് പിന്നെയും മനോധർമ്മത്തിനും വ്യാഖ്യാനത്തിനും ഒരിക്കലും അടങ്ങാത്ത സംശയങ്ങൾക്കും പഴുതുണ്ടിപ്പോഴും..
പഞ്ചായത്താഫീസുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും വില്ലേജ് ഓഫീസുകളിലും എത്തിപ്പെടുന്ന പൗരന് സുതാര്യതയുടെ ദാക്ഷിണ്യം ലഭിക്കുന്നതായി അറിവില്ല. സുതാര്യത ഉറപ്പാക്കണമെങ്കിൽ വ്യക്തിഗതമായ മുൻവിധികൾക്കും അഭിപ്രായങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും സ്ഥാനമുണ്ടാകാൻ പാടില്ല. എന്തുചെയ്യണമെന്ന് അന്ധാളിച്ചു സർക്കാർ ഓഫീസുകളിൽ നിൽക്കുന്ന നിസഹായരായ പൗരർ ഉണ്ടാകുന്നിടത്തോളം സുതാര്യത ഒരു ജലരേഖ തന്നെയായിരിക്കും.
ജനങ്ങൾക്ക് വേണ്ടി ജനാധിപത്യ സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികളോട് ജനങ്ങൾക്ക് എതിർപ്പുണ്ടാകുന്നത് എന്തുകൊണ്ടാണ് ? എല്ലാ പദ്ധതികളും ദുരുപദിഷ്ടമല്ലല്ലോ. (അത്തരം നയങ്ങളും പരിപാടികളുമുണ്ടാകാം.) സുതാര്യതയില്ലായ്മയാണ് പദ്ധതികളുടെ നടത്തിപ്പിനെ തകിടം മറിക്കുന്ന പ്രധാന കാരണം. കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ വ്യാജവിവരങ്ങളും തെറ്റിദ്ധാരണകളും വ്യാപകമാവുന്നു. പിന്നെ രാഷ്ട്രീയ ധ്രുവീകരണവും വ്യവഹാരവും പ്രത്യക്ഷ സമരങ്ങളും വേദി കൈയടക്കുന്നു. നമ്മുടെ സമയം അപഹരിക്കപ്പെടുന്നു. വികസനത്തിനു വേണ്ടി മാറ്റി വയ്‌ക്കേണ്ട വിലപ്പെട്ട സമയം സർക്കാരും ജനങ്ങളും പരസ്പരം പോരടിക്കാനായി വിനിയോഗിക്കുന്നു. രണ്ടുവർഷം കൊണ്ട് പൂർത്തിയാകേണ്ട പദ്ധതികൾ അവസാനം പത്തോ പതിനഞ്ചോ വർഷം കൊണ്ടും അഞ്ചിരട്ടി (ചിലപ്പോൾ അതിലും കൂടുതൽ) ചെലവിലും പൂർത്തീകരിക്കുമ്പോൾ, അതിന്റെ ഗുണഭോക്താക്കളാകേണ്ടവർ പദ്ധതിയോടു മാനസികമായി അകന്നു കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ അപ്പോഴും ആത്യന്തികമായ നഷ്ടം ജനങ്ങൾക്ക് മാത്രം. കാലതാമസത്തിന്റെയും അധികച്ചെലവിന്റെയും ഭാരം നികുതിദായകന് മാത്രം.
നടപടിക്രമങ്ങൾ എല്ലാം പൊളിച്ചെഴുതിയിട്ട് സർക്കാരിന്റെ പരിപാടികളിൽ സുതാര്യത കൈവരിക്കാം എന്ന ചിന്ത അപ്രായോഗികമാണെന്ന് ഏവർക്കുമറിയാം. കാരണം വ്യത്യസ്ത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭേദഗതികളുടെയും വഴി സുഗമമായിരിക്കുകയില്ല. എല്ലാ നടപടിക്രമങ്ങളും സമഗ്രമായി പരിഷ്കരിക്കുകയെന്നത് അതിരുകടന്ന ആത്മവിശ്വാസമായിരിക്കും. അത്തരം നിയമനൂലാമാലകളില്ലാതെ പുതിയ സർക്കാരിന് അതിന്റെ ആദ്യ നാളുകൾ മുതൽ തന്നെ സുതാര്യത ഒരു നയമായി അംഗീകരിച്ച് പ്രാവർത്തികമാക്കാൻ സാധിക്കും. നിയമങ്ങളും ചട്ടങ്ങളും എന്ത് തന്നെയായാലും ഓരോ പദ്ധതിയുടെയും എന്തെല്ലാം വിവരങ്ങൾ പരസ്യപ്പെടുത്തണം എന്ന് നിർദ്ദേശിക്കാൻ അധികാരവും, അതനുസരിക്കാൻ സർക്കാരിന് ബാദ്ധ്യതയുമുള്ള പുതിയൊരു നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒരു സുതാര്യതാ കമ്മിഷൻ നിലവിൽ വരണം. അത് ഭരണത്തിൽ പുതിയ തരംഗങ്ങൾ സൃഷ്ടിക്കും. ആ നൂതന ശൈലി ഭരണത്തിന്റെ സർവ തലങ്ങളിലും അദ്‌ഭുതങ്ങൾ തീർക്കും. സർക്കാർ ഓഫീസുകൾ സ്വാഭാവികമായി അനുക്രമമായി കൂടുതൽ ജനസൗഹൃദമാകും. സാധാരണക്കാരന്റെ ശബ്ദത്തിനും അറിയാനുള്ള അവകാശത്തിനും കൂടുതൽ വിലയുണ്ടാകും. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അതൊരു സ്മാരകശിലതന്നെയായിരിക്കും. സുതാര്യതാ കമ്മിഷന്റെ പേരിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ മുന്നിൽ കേരളം തലയുയർത്തി നടക്കട്ടെ. അറിവുകൊണ്ടും പങ്കാളിത്തം കൊണ്ടും ശാക്തീകരിക്കപ്പെട്ട പൗരനാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആസ്തി എന്ന ധീരമായ പ്രഖ്യാപനവുമായിരിക്കുമത്.