തിരുവനന്തപുരം: മേയ് 1 ടൂറിസം മേഖല കരിദിനമായി ആചരിക്കുന്നു. കോവിഡിന്റെ രണ്ടാം വ്യാപനവും അതേ തുടർന്നുളള നിയന്ത്രണങ്ങളും ടൂറിസം മേഖലയുടെ ഉപജീവനം ഇല്ലാതാക്കുമെന്ന് ടൂറിസം സംരക്ഷണ സമിതി ആശങ്കപ്പെടുന്നു. നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായിരുന്ന സാഹചര്യത്തിൽ തന്നെ ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടൂറിസം മേഖലയിലുണ്ടായിരുന്നത്.
സംസ്ഥാനത്തെ ടൂറിസം മേഖലയിൽ നിന്നുളള വരുമാനം വർഷത്തിൽ 44000 കോടി രൂപയോളമാണ്. 15 ലക്ഷം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നല്‍കുന്ന ഈ മേഖല കഴിഞ്ഞ ഒരു വർഷത്തിലധികമായി കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്‌ടപ്പെടുകയും, നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരികയും, ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് വരുമാന മാർഗം ഇല്ലാതാവുകയും, വലുതും ചെറുതുമായ എല്ലാ വിഭാഗങ്ങളും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധയാകർഷിക്കുന്നതിനും, ടൂറിസം മേഖലയെ സംരക്ഷിച്ചു നിലനിർത്തണം എന്നും ആവശ്യപ്പെട്ട്, ടൂറിസം വ്യവസായത്തിൽ പ്രവർത്തിക്കുന്ന സംരംഭകരും തൊഴിലാളികളും മെയ് ഒന്നിന് സംസ്ഥാന വ്യാപകമായി കറുത്ത മാസ്ക് ധരിച്ച് പ്രതിഷേധം രേഖപ്പെടുത്തുവാൻ തീരുമാനിച്ചു. സോഷ്യൽ മീഡിയയിലൂടെ സേവ് ടൂറിസം എന്ന ഹാഷ് (#) ടാഗിലൂടെ ഈ പ്രതിഷേധ പ്രചരണം, രാജ്യ വ്യാപകമാക്കി മുന്നോട്ടു കൊണ്ട് പോകുവാനും സമിതി തീരുമാനിച്ചിട്ടുണ്ട്.
വലിയ തോതിലുളള കടബാദ്ധ്യതകളും ജപ്തി ഭീഷണിയും, ടാക്സ്, ഇലക്ട്രിസിറ്റി, വെള്ളം തുടങ്ങിയവയുടെ ബില്‍ കുടിശികയും, കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടിവന്ന ചെലവുകളും വന്‍ പ്രതിസന്ധി ഉണ്ടാക്കി. ഫെബ്രുവരിയോടെ രാജ്യത്തെ ഏറ്റവും അധികം കോവിഡ് പോസിറ്റീവ് രോഗികള്‍ ഉള്ള സംസ്ഥാനം കേരളം ആയതോടെ അന്യസംസ്ഥാനത്തു നിന്നുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. കേരളത്തിലെത്തി തിരികെയെത്തുന്ന വർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മറ്റു സംസ്ഥാനങ്ങളുടെ നിബന്ധനയും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി.
ഇതിനു പുറമേയാണ് രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ. കഴിഞ്ഞദിവസം കോവിഡ് പോസിറ്റീവായ 18000 പേരില്‍ കേവലം 269 പേർ മാത്രമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ, ഇതിൽ ആരും തന്നെ ടൂറിസ്റ്റുകൾ ആയി വന്നവരും ഇല്ല. ഇതുവരെ ടൂറിസം മേഖലയിൽ നിന്ന് ആർക്കും കൊവിഡ് പോസിറ്റീവ് ആയിട്ടില്ലെന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഏറ്റവും അധികം ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും കോവിഡ് പ്രോട്ടോക്കോളും പാലിച്ചു പ്രവർത്തിക്കുന്ന മേഖലയാണ് ടൂറിസം വ്യവസായം.
1. ടൂറിസം തൊഴിലാളികൾക്ക് അടിയത്തിരമായി 250 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുക.
2. ടൂറിസം വ്യവസായികൾക്ക് 2500 കോടിയുടെ രൂപയുടെ ലോണ്‍ കേരള ബാങ്ക് വഴിയോ സഹകരണ സംഘം വഴിയോ അടിയന്തിരമായി നൽകുക,
3. ടൂറിസം പുനർനിർമാണത്തിന് 5000 കോടിയുടെപാക്കേജ്.
4. തൊഴിൽ രഹിതരായവർക്ക് 5000 രൂപ പ്രതിമാസം അനുവദിക്കുക,
5. ടൂറിസം തൊഴിൽ മേഖലയിൽ സഹായ പാക്കേജ് പ്രഖ്യാപിക്കുക,
6. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഹൗസ്ബോട്ടുകൾക്കും നികുതിയും ഫീസുകളും ഒഴിവാക്കുക
7. വായ്പകള്‍ പുനഃക്രമീകരിക്കുക
8. ജപ്തികള്‍ ഒഴിവാക്കുക,
9. പഞ്ചായത്ത്, കോർപ്പറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് നികുതി കുടിശികൾക്ക് സാവകാശം നൽകുക,
10. കെ എഫ് സി യുടെ ബ്ലേഡ് ബാങ്ക് നയം ഒഴിവാക്കുക,
11. ഹോട്ടലുകള്‍ക്ക് വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കുക - ബില്ലിൻമേൽ ഇളവ് നൽകുക,
12. ടൂറിസ്റ്റുകളുടെ സഞ്ചാര നിയന്ത്രണം പിൻവലിക്കുക,
കോവിഡാനന്തരടൂറിസം പുനർനിർമ്മാണ പദ്ധതികൾ നിർദ്ദേശിക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുക എന്നീ ആവശ്യങ്ങളാണ് ടൂറിസം സംരക്ഷണ സമിതി മുന്നോട്ട് വയ്ക്കുന്നത്. ശ്രീ സുധീഷ് കുമാർ കൺവീനറായ ടൂറിസം സംരക്ഷണ സമിതിയിൽ, അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യാ (അറ്റോയ്), കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റർസ് (കാറ്റോ), സൗത്ത് കേരള ഹോട്ടലീയേഴ്സ ഫോറം (എസ് കെ എച് എഫ് ), കേരള ടൂറിസം പ്രൊട്ടക്ഷന്‍ ആൻഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (കെ റ്റി പി ഡി സി ) ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻസ് (കെ എച്ച് ആർ എ ) തുടങ്ങി ഇരുപതിൽ അധികം സംഘടനകൾ ഈ കൂട്ടായ്‌മയിൽ അംഗങ്ങളാണ്.