ഇസ്ളാമാബാദ്: ബോളിവുഡ് ചിത്രങ്ങളെക്കുറിച്ച് മുൻപ് മോശമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുളളയാളാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. എന്നാൽ അതേ ഇമ്രാൻ തന്നെ തന്റെ പ്രതിയോഗികളെ പരിഹസിക്കാൻ ബോളിവുഡ് ചിത്രത്തിന്റെ വീഡിയോ ഷെയർ ചെയ്‌ത് പുലിവാല് പിടിച്ചിരിക്കുകയാണ്.
1984ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ നായകനായ 'ഇൻക്വിലാബ്' എന്ന ചിത്രത്തിലെ ഒരു ദൃശ്യമാണ് ഇമ്രാൻ ഇൻസ്‌റ്റഗ്രാമിൽ ഷെയർ ചെയ്‌തത്. എന്നാൽ സംഭവം വിവാദമായതോടെ ഇമ്രാൻ പോസ്‌റ്റ് മുക്കി. ചിത്രത്തിലെ അഴിമതിക്കാരനായ രാഷ്‌ട്രീയക്കാരനായി കാദർ ഖാൻ സംസാരിക്കുന്ന രംഗം ഇമ്രാൻ 'ഒന്നാം ദിവസം മുതൽ പി.ടി.ഐ സർക്കാരിനെതിരെ അഴിമതിക്കാരായ മാഫിയകൾ ആസൂത്രണം ചെയ്ത കാര്യമാണിത്' എന്ന തലവാചകത്തോടെ പോസ്‌റ്റ് ചെയ്‌തു.
*Good Bollywood* to the rescue of PM Imran Khan. 🤷🏻♀️https://t.co/VOC9rissT8 pic.twitter.com/qFjfcpUex6
— Naila Inayat (@nailainayat) April 20, 2021
തനിക്കെതിരെ ശത്രുക്കളുടെ നീക്കത്തെ പരിഹസിച്ചായിരുന്നു ഇമ്രാന്റെ പോസ്‌റ്റ്. എന്നാൽ പോസ്‌റ്റ് ജനങ്ങൾ ഏറ്റെടുത്തതോടെ ഇമ്രാന് ഒടുവിൽ പോസ്‌റ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നു. മോശപ്പെട്ട ബോളിവുഡ് എന്ന് മുൻപ് ഇന്ത്യൻ സിനിമയെ കളിയാക്കിയ ഇമ്രാനോട് 'നല്ല ബോളിവുഡ്' ഇപ്പോൾ രക്ഷക്കെത്തിയോ എന്ന് പലരും ചോദിച്ചു. ഇമ്രാൻ രാഷ്‌ട്രീയ ധാർമ്മികത പഠിപ്പിക്കാൻ വരുന്നത് ബോളിവുഡ് സിനിമ കാണിച്ചാണെന്നായിരുന്നു മറ്റ് ചിലരുടെ പരിഹാസം.