gift

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ ഞെട്ടലിലാണ് ജോർജിയൻ സ്വദേശിനിയും നഴ്സുമായ ബ്രിട്ട തോംസൺ. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിലുള്ള ബ്രിട്ടിഷ് പോപ്പ്ഗായിക ടെയ്ലർ സ്വിഫ്റ്റ് നേരിട്ട് അയച്ച കുറിപ്പും സമ്മാനവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ബ്രിട്ട ജോലി ചെയ്യുന്നത് ഡബ്ലിനിലെ എയർ ഇവാക്ക് ലൈഫ് ടീം ഹോസ്പിറ്റലിലാണ് . കൊവിഡ്ക്കാലത്തെ ജോലിയെ പറ്റി ഒരു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടയെ തേടി ടെയ്ലർ സ്വിഫ്റ്റിന്റെ സമ്മാനം എത്തിയത്.

ഈ ജോലിത്തിരക്കുകൾക്കിടയിൽ മനസ്സിനെ ശാന്തമാക്കാൻ ടെയ്ലർ സ്വിഫ്റ്റിന്റെ ഗാനങ്ങളാണ് സഹായിക്കുന്നതെന്നായിരുന്നു ബ്രിട്ട അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അഭിമുഖം കഴിഞ്ഞ് കൃത്യം ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഗായികയുടെ പ്രതിനിധികൾ ബ്രിട്ടയെ വിളിച്ച് ഒരു സർപ്രൈസ് സമ്മാനമുണ്ടെന്ന് അറിയിച്ചത്. സമ്മാന പായ്ക്കറ്റ് തുറക്കുമ്പോൾ ആകാംക്ഷകൊണ്ട് കൈ വിറയ്ക്കുകയായിരുന്നുവെന്നാണ് ബ്രിട്ട സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരമൊരു സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പായ്ക്കറ്റ് തുറന്നപ്പോൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത് ഒരു കത്തായിരുന്നെന്നും ബ്രിട്ട സാക്ഷ്യപ്പെടുത്തുന്നു.

സന്തോഷം കൊണ്ട് മതിമറന്നു പോയ തനിക്ക് ഒറ്റയടിക്ക് ആ കത്തിന്റെ ഉള്ളടക്കം മുഴുവൻ വായിക്കാൻ കഴിഞ്ഞില്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. കത്തിനു താഴെ തന്റെ പ്രിയപ്പെട്ട ഗായികയുടെ ഒപ്പ് കൂടി കണ്ടപ്പോൾ അമ്പരന്നു പോയതായും ബ്രിട്ട അറിയിച്ചു.

ടീ ഷർട്ടുകൾ, മെഴുകുതിരികൾ, പുതപ്പ്, നോട്ട്ബുക്ക്, ഷാംപെയ്ൻ ഗ്ലാസുകൾ എന്നിവയ്‌ക്കൊപ്പം സ്വന്തം കൈപ്പടയിലെഴുതിയ നന്ദിക്കുറിപ്പ് കൂടി ചേർത്താണ് സ്വിഫ്റ്റ് സമ്മാനപ്പൊതി നൽകിയത്. മറ്റുള്ളവരെ സഹായിക്കാനായി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വച്ച ധീരയാണ് ബ്രിട്ട എന്നാണ് സ്വിഫ്റ്റ് കുറിച്ചിരിക്കുന്നത്.