തിരുവനന്തപുരം: കൊവിഡ് പ്രതിദിനം രൂക്ഷമാകുന്നത് തുടരുന്നതിനാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതൽ സെക്‌ടർ ഓഫീസർമാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിൻമെന്റ് സോണിന് പുറത്ത് സാധാരണ കടകൾ ഒൻപത് മണി വരെയാക്കും. സർക്കാർ ഓഫീസുകളിൽ പകുതിപേർ മാത്രം ജോലി ചെയ്‌താൽ മതിയാകും. സ്വകാര്യ മേഖലയിലും വർക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
വാക്‌സിൻ വിതരണത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസം പൂർണമായും ഓൺലൈൻ വഴി മാത്രമാക്കി. ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണമുണ്ടാകും. അവശ്യ സർവീസുകൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. ഈ ശനിയാഴ്‌ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകി.
സംസ്ഥാനത്ത് മൂന്ന് ലക്ഷം വാക്‌സിനാണ് സ്‌റ്റോക്കുളളത്. കൂടുതൽ വാക്‌സിൻ അത്യാവശ്യമാണ്. രണ്ട് ദിവസത്തിനകം മൂന്ന് ലക്ഷം പേരെ പരിശോധനാ വിധേയമാക്കും. കൊവിഡ് പോസിറ്റീവാകുന്നവരെയും അവരുമായി സമ്പർക്കത്തിൽ വരുന്നവരെയും ഇതര സംസ്ഥാനത്ത് നിന്നും വരുന്നവരെയും സെക്‌ടർ ഓഫീസർമാരും പൊലീസും പ്രത്യേകം നിരീക്ഷിക്കും.
വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ 50 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം മേഖലയ്‌ക്ക് രണ്ടര ലക്ഷം ഉൾപ്പടെ അഞ്ചര ലക്ഷം വാക്‌സിൻ ലഭിക്കുമെന്ന് കേന്ദ്ര അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ പ്രതിദിന രോഗികൾ അൻപതിനായിരം എത്തുമെന്നാണ് യോഗം വിലയിരുത്തിയത്. കൂടുതൽ നിയന്ത്രണങ്ങൾ അറിയിച്ച് മുഖ്യമന്ത്രി ഇന്ന് ആറുമണിക്ക് പ്രത്യേക വാർത്താസമ്മേളനം നടത്തും.