covid
covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ അതിരൂക്ഷമായ രണ്ടാം വ്യാപനത്തിന് കാരണം മഹാരാഷ്ട്രയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന ഡബിൾ മ്യൂട്ടന്റ് വൈറസാണെന്ന് സൂചന. ഇക്കാര്യം ഉറപ്പിക്കുന്നതിനായി വിശദമായ പഠനങ്ങൾക്ക് ആരോഗ്യവകുപ്പ് തയ്യാറെടുപ്പ് തുടങ്ങി. ആദ്യ ഘട്ട വ്യാപന സമയത്ത് തന്നെ വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നുണ്ടായിരുന്നു. എന്നാൽ, അത് അപകടകരമായ വിധത്തിലേക്ക് മാറിയത് ഇപ്പോഴാണെന്ന് മാത്രം. വൈറസിന്റെ അതിവേഗത്തിലുള്ള വ്യാപനത്തിന് പുറമെ പ്രതിരോധ വാക്സിൻ രണ്ട് തവണ സ്വീകരിച്ചവർക്കും രോഗം ബാധിച്ചതോടെയാണ് സംസ്ഥാനത്തും കൊവിഡിന്റെ ഇരട്ട വകഭേദങ്ങളെക്കുറിച്ച് സംശയങ്ങൾ ജനിപ്പിച്ചത്.

 വേഗത്തിൽ വാപിക്കും ലക്ഷണങ്ങൾ കുറവ്

എൻ 440കെ എന്ന ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ സവിശേഷത അതിവേഗത്തിൽ വ്യാപിക്കുമെന്നതാണ്. എന്നാൽ, രോഗലക്ഷണങ്ങൾ കുറവായിരിക്കും. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ചവരിൽ തൊണ്ടവേദന, പനി, ജലദോഷം അടക്കുള്ള ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, ജനിതകമാറ്റം സംഭവിച്ചതോടെ വൈറസ് ബാധ കണ്ടെത്തണമെങ്കിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്ഥിതി ഉണ്ടാകണമെന്നായി. എന്നാൽ, ഈ ശ്വാസം മുട്ടാകട്ടെ എല്ലാവരിലും പ്രകടമായതുമില്ല. അതിനാൽ തന്നെ വേഗത്തിൽ രോഗബാധ തിരിച്ചറിയാൻ കഴിയാതെയും പോയി. വൈറസിന്റെ സാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടപ്പോൾ കേരളം നടത്തിയ കൂട്ടപ്പരിശോധനയിലാണ് രോഗികളുടെ എണ്ണം പൊടുന്നനെ ഉയരാൻ ഇടയാക്കിയത്. ആദ്യഘട്ടത്തിൽ തന്നെ ജനിതകമാറ്റം വന്ന വൈറസ് കുറച്ചു പേരെയങ്കിലും ബാധിച്ചിരുന്നുവോയെന്ന് മനസിലാക്കാൻ കഴിയാതെ പോയതും വീഴ്ചയായി. കേരളത്തെ കൂടാതെ ഡൽഹി, കർണാടക, പശ്ചിമ ബംഗാൾ, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിവയടക്കം പത്ത് സംസ്ഥാനങ്ങളിൽ ഇരട്ട ജനിതക മാറ്റം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ആദ്യഘട്ടത്തിൽ കൊവിഡിന്റെ വ്യാപനത്തിന് എട്ട് മാസം വരെ സമയം എടുത്തിരുന്നു. എന്നാൽ, രണ്ടാം ഘട്ടത്തിൽ ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനത്തിന് കേവലം എട്ട് ആഴ്ച മാത്രമെ വേണ്ടിവന്നുള്ളൂ. മാത്രമല്ല, രോഗബാധിതരുടെ എണ്ണം ഒന്നാം ഘട്ടത്തെക്കാൾ ഉയരുകയും ചെയ്തു നിയന്ത്രണങ്ങൾ ഉദാരമായതും ആഭ്യന്തര യാത്രകൾക്ക് വിലക്കേർപ്പെടുത്താത്തതും വൈറസിന്റെ രണ്ടാം വ്യാപനത്തിന് ഇടയാക്കിയതായാണ് ആരോഗ്യ വിദഗ്ദ്ധർ കരുതുന്നത്.

 ഒക്ടോബറിൽ കണ്ടെത്തി

ജനുവരിയിൽ മഹാരാഷ്ട്രയിൽ ആണ് ഇതിന്റെ ഇരട്ട ജനിതകമാറ്റം കണ്ടെത്തിയതെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ ഇ 484ക്യു,​ എൽ452ആർ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. കൗൺസിൽ ഒഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ), ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി (ഐ.ജി.ഇ.ബി) എന്നിവ നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് മിക്ക ജില്ലയിലും ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാൽ, അവ ഇത്രത്തോളം അപകടകാരിയാണെന്ന് കണ്ടെത്താനാകാതെ പോയത് വീഴ്ചയായി.