vaccine

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾക്ക് കൊവിഡ് വാക്‌സിൻ നൽകി വന്നിരുന്ന നടപടി അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ. മേയ് ഒന്നുമുതൽ സ്വകാര്യ ആശുപത്രികൾക്ക് കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാം. സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതുവരെ സർക്കാർ നൽകുന്ന വാക്‌സിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. പുതിയ തീരുമാനം വരുന്നതോടെ വാക്‌സിൻ എത്ര രൂപയാകും എന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല.

ഓരോ തരം വാക്‌സിനും വ്യത്യസ്‌ത വിലയാണ് കമ്പനികൾ വാങ്ങുന്നത്. നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങുന്നതോടെ ആയിരം രൂപയെങ്കിലും നൽകേണ്ടി വന്നേക്കുമെന്നാണ് സൂചന. സ്വകാര്യ ആശുപത്രിയിൽ നിന്നും ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചർക്ക് രണ്ടാംഡോസ് സർക്കാർ ആശുപത്രിയിൽ നിന്നും ഇനിമുതൽ സ്വീകരിക്കാൻ അനുമതിയുണ്ട്. എന്നാൽ സർക്കാർ തീരുമാനം വാക്‌സിൻ നിർമ്മിക്കുന്ന വ്യവസായികളെ സഹായിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം പോലുള‌ള തീരുമാനമാണിതെന്നും അദ്ദേഹം പ്രസ്‌താവിച്ചു.