ചെന്നൈ : പുതിയ സീസണിൽ നാലു കളികളിൽ മൂന്ന് വിജയങ്ങളുമായി കുതിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ മാത്രമാണ് ഡൽഹി തോറ്റത്. സ്ഥിരം നായകൻ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതിനെത്തുടർന്ന് ഈ സീസണിൽ റിഷഭ് പന്തിന്റെ ക്യാപ്ടൻസിക്ക് കീഴിൽ ഇറങ്ങിയ ക്യാപിറ്റൽസിന്റെ വിജയങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് രണ്ട് വെറ്ററൻ താരങ്ങളാണ് ശിഖർ ധവാനും അമിത് മിശ്രയും.
ടീമിന്റെ മൂന്ന് ജയങ്ങളിലും നിർണായകമായത് ധവാന്റെ ബാറ്റിംഗായിരുന്നു. രാജസ്ഥാനെതിരെ ധവാൻ വീണപ്പോൾ ടീമും വീണു.രണ്ട് അർദ്ധസെഞ്ച്വറികളടക്കം 231 റൺസാണ് ധവാൻ നേടിക്കഴിഞ്ഞത്.ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ 188 റൺസ് ചേസ് ചെയ്യാൻ ഡൽഹിയെ സഹായിച്ചത് ധവാന്റെ 85 റൺസാണ്. രാജസ്ഥാനെതിരെ ധവാൻ ഒൻപത് റൺസിന് പുറത്തായപ്പോൾ ടീം മൂന്ന് വിക്കറ്റിന് തോറ്റു. പഞ്ചാബിനെതിരെ 195 റൺസ് ചേസ് ചെയ്തപ്പോൾ ധവാന്റെ 92 റൺസ് വിജയമുറപ്പിച്ചു. കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിനെതിരെ 137 റൺസ് ചേസ് ചെയ്യാനിറങ്ങിയപ്പോൾ 45 റൺസുമായി നങ്കൂരമിട്ടതും ധവാനാണ്.
മുംബയ്ക്കെതിരെ ഡൽഹിക്ക് വിജയമൊരുക്കിയ പ്രധാനഘടകം പക്ഷേ അമിത് മിശ്രയുടെ ബൗളിംഗ് ആയിരുന്നു. ആദ്യ മത്സരത്തിന് ശേഷം മാറ്റി നിറുത്തപ്പെട്ട മിശ്രയുടെ തിരിച്ചുവരവ് കൂടിയായിരുന്നു മുംബയ് എതിരായ മത്സരം. 137/9 എന്ന കുറഞ്ഞ സ്കോറിൽ മുംബയ്‌യെ ഒതുക്കി നിറുത്തിയത് മിശ്രയുടെ ശ്രമഫലമായായിരുന്നു.നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത മിശ്രയുടേത് മുംബയ് ഇന്ത്യൻസിനെതിരെ ഒരു ഡൽഹി ബൗളറുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു.
44 റൺസെടുത്ത് മുംബയ് ഇന്ത്യൻസിന്റെ ടോപ് സ്കോററായ രോഹിത് ശർമയെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചാണ് മിശ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. രാജസ്ഥാനെതിരായ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന മിശ്ര, അവിടുന്നങ്ങോട്ട് മുംബൈയെ കറക്കി വീഴ്ത്തി. മുംബൈ നിരയിലെ ഏറ്റവും അപകടകാരികളായ ഹാർദിക് പാണ്ഡ്യ (0), കെയ്റോൺ പൊള്ളാർഡ് (2), ഇഷാൻ കിഷൻ (28 പന്തിൽ 26) എന്നിവരാണ് മിശ്രയ്ക്ക് മുന്നിൽ വീണത്.
മുപ്പത്തിയെട്ടുകാരനായ അമിത് മിശ്ര ഇത് ഏഴാം തവണയാണ് ഐ.പി.എല്ലിൽ രോഹിത് ശർമ്മയുടെ വിക്കറ്റ് സ്വന്തമാക്കുന്നത്. ഐപിഎലിൽ രോഹിത്തിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ താരമെന്ന റെക്കോർഡും ഇപ്പോൾ മിശ്രയുടെ പേരിലാണ്. രോഹിത്തിനെ ആറു തവണ പുറത്താക്കിയ വിനയ് കുമാർ, കൊൽക്കത്തയുടെ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ എന്നിവരെയാണ് മിശ്ര പിന്തള്ളിയത്.
ഐ.പി.എല്ലിൽ ഒരേ ബാറ്റ്സ്മാനെ കൂടുതൽ തവണ പുറത്താക്കിയതിൽ മുംബയ് ഇന്ത്യൻസിന്റെ ഇപ്പോഴത്തെ ബൗളിംഗ് പരിശീലകൻ സഹീർ ഖാൻ, സൺറൈസേഴ്സ് താരം സന്ദീപ് ശർമ എന്നിവർക്കൊപ്പമെത്താനും മിശ്രയ്ക്ക് കഴിഞ്ഞു. ഇതിൽ സഹീർ ഖാൻ ഏഴു തവണ പുറത്താക്കിയ ബാറ്റ്സ്മാൻ ചെന്നൈ സൂപ്പർ കിംഗ്സ് നായകനായ ധോണിയാണ്. സന്ദീപ് ശർമ ഏഴു തവണ പുറത്താക്കിയത് റോയൽ ചാലഞ്ചേഴ്സ് നായകൻ വിരാട് കൊഹ്‌ലിയേയും.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോർഡിന് ഏഴു വിക്കറ്റ് മാത്രം അകലെയാണ് മിശ്ര. നിലവിൽ 152 മത്സരങ്ങളിൽനിന്ന് 164 വിക്കറ്റുകളാണ് മിശ്രയുടെ സമ്പാദ്യം. മുംബയ് ഇന്ത്യൻസ് താരമായിരുന്ന ലസിത് മലിംഗയുടെ പേരിലുള്ള റെക്കാഡ് 170 വിക്കറ്റുകളാണ്.