തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതനുസരിച്ച് ഒരു ദിവസം 200 പേരെ മാത്രമേ ഒ പിയില്‍ പരിശോധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗിക്ക് സഹായത്തിന് ഒരാളെ മാത്രമേ അനുവദിക്കു. റിവ്യൂ പരിശോധനകള്‍ ഓണ്‍ലൈനായി നടത്തും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ 50 ശതമാനം ആയി വെട്ടികുറച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇന്ന് തീരുമാനിച്ചിരുന്നു. രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതല്‍ സെക്ടര്‍ ഓഫീസര്‍മാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര്‍ മാത്രം ജോലി ചെയ്താല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
വാക്സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈന്‍ വഴി മാത്രമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും. അവശ്യ സര്‍വീസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ. ഈ ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സംസ്ഥാനത്ത് മൂന്ന് ലക്ഷം വാക്സിനാണ് സ്റ്റോക്കുളളത്. കൂടുതല്‍ വാക്സിന്‍ അത്യാവശ്യമാണ്. രണ്ട് ദിവസത്തിനകം മൂന്ന് ലക്ഷം പേരെ പരിശോധനാ വിധേയമാക്കും. കൊവിഡ് പോസിറ്റീവാകുന്നവരെയും അവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരെയും ഇതര സംസ്ഥാനത്ത് നിന്നും വരുന്നവരെയും സെക്ടര്‍ ഓഫീസര്‍മാരും പൊലീസും പ്രത്യേകം നിരീക്ഷിക്കും.