വാഷിംഗ്ടൺ: ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ഷോവിൻ (45) കുറ്റക്കാരനെന്ന് മിനിയപൊളിസ് കോടതി. കൊലപാതകമടക്കം പ്രതിക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. 75 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇയാള്‍ക്കുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കകം വിധിക്കും.കോടതി നടപടികള്‍ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ഫ്ലോയിഡ് കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു. ജനങ്ങൾ അക്രമത്തിനും വർണവെറിയ്ക്കും എതിരെ ഒന്നായി അണിചേരണമെന്ന് ബൈഡൻ പറഞ്ഞു.കോടതിയുടെ പുറത്ത് വിധി കേൾക്കുന്നതിനായി വൻജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കോടതി വിധിയിൽ ജനങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചു.19 വർഷമായി മിനിയപൊളിസ് പൊലീസ് സേനയിൽ അംഗമായിരുന്നു ഷോവിൻ. സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാണ് അന്വേഷണം നടത്തിയത്. ഡെറക് ഉൾപ്പെടെ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരേയും ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ടൗ താവോ, ജെ അലക്‌സാണ്ടര്‍ കുവെംഗ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
എനിയ്ക്ക് ശ്വാസം മുട്ടുന്നു: ഫ്ലോയ്ഡിന്റെ മരണം
2020 മേയ് 25 മിനിയപൊളീസിലെ തെരുവിൽ സായാഹ്ന സവാരിയ്ക്കിറങ്ങിയ ജോർജ് ഫ്ലോയ്‌ഡ് (46) ഒരു കടയിൽനിന്നു 20 ഡോളർ നൽകി സിഗരറ്റ് വാങ്ങുന്നു. എന്നാൽ ഫ്ലോയ്‌ഡ് നൽകിയത് കള്ളനോട്ടാണെന്നു സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തി ഫ്ലോയ്‌ഡിനെ അറസ്റ്റു ചെയ്തു. ഫ്ലോയ്ഡ് വ്യാജരേഖ കൈയ്യിൽ വച്ചെന്നും പൊലീസ് ആരോപിച്ചിരുന്നു. താൻ നിരപരാധിയാണെന്നുള്ള ഫ്ലോയിഡിന്റെ വാദങ്ങൾ പൊലീസ് ചെവിക്കൊണ്ടില്ല. തുടർന്ന്, പൊലീസ് ഉദ്യോഗസ്ഥനായ ഡെറക് ഷോവൻ കാറിനോടു ചേർത്തു നിലത്തുകിടത്തി ഫ്ലോയിഡിന്റെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തുന്നു. ‘എനിക്ക് ശ്വസിക്കാനവുന്നില്ല, ദയവായി എന്നെ വിടൂ’ എന്നിങ്ങനെ ഫ്ലോയ്‌ഡ് നിലവിളിക്കുന്നത് ചുറ്റും കൂടിയവർ പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം. ഫ്ലോയിഡിനെ ഉപദ്രവിക്കരുതെന്ന് ജനങ്ങൾ പറഞ്ഞിട്ടും, ഷോവൻ അത് ചെവിക്കൊണ്ടില്ല. എട്ടു മിനിറ്റോളം നീണ്ട ബലപ്രയോഗത്തിനൊടുവിൽ ഫ്ലോയ്‌ഡ് മരണത്തിനു കീഴങ്ങി.
ബ്ലാക്ക് ലൈവ്സ് മാറ്റർ
ഫ്ലോയ്ഡിന്റെ മരണത്തിന് ശേഷം കറുത്ത വർഗ്ഗക്കാരോടുള്ള ക്രൂരതയ്ക്കെതിരെ ലോകമെമ്പാടും ആഞ്ഞടിച്ച പ്രതിഷേധ പ്രകടനമാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ. മരിക്കുന്നത് മുൻപ് ഫ്ലോയ്ഡ് പറഞ്ഞ ഐ കാന്റ് ബ്രീത്ത് എന്ന വാചകം പ്രതിഷേധത്തിന്റെ പ്രധാന മുദ്രാവാക്യമായി മാറി. അമേരിക്കയിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് മറ്റ് ലോകരാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പ്രായ-വംശ -വർഗ ഭേദമന്യേ ജനങ്ങൾ വർണവെറിയ്ക്കെതിരെ അണിനിരന്നു. അമേരിക്കയിൽ പലയിടത്തും പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടി. സിനിമ താരങ്ങളടക്കമുള്ള പ്രഗത്ഭരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.