shops

പ്രയാഗ്‌രാജ്: നിരനിരയായി കത്തുന്ന ചിതകൾ, ചിലയിടങ്ങളിൽ സംസ്‌കാരത്തിന് ചിത ഒരുങ്ങുന്നു. വഴിയരികിൽ സംസ്‌കാരത്തിന് എടുത്തുവച്ചിരിക്കുന്ന കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ശരീരങ്ങൾ. രണ്ടാംഘട്ട കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ഒരു തെരുവിലെ കാഴ്‌ചയാണിത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ഒരു തെരുവാണിത്.

കൊവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കുന്ന സ്ഥലമായതോടെ ഇവിടെ അടുത്തുള‌ള കടകളിലും അത്തരം സാധനങ്ങളുടെ വിൽപനയായി. മുൻപ് വിവാഹത്തിനാവശ്യമായ വസ്‌തുക്കൾ മുഴുവൻ ലഭിക്കുന്ന കടകൾ ഇപ്പോൾ കൊവിഡ് വന്ന് മരിച്ചവരുടെ സംസ്‌കാരത്തിന് ആവശ്യമായ സാധനങ്ങൾ വിൽക്കുന്നു. ഈ സാധനങ്ങൾ വിൽക്കാൻ തങ്ങൾ നിർബന്ധിതരായെന്നാണ് വ്യാപാരികളുടെ വാദം. വിവാഹങ്ങൾ വേണ്ടെന്ന് വയ്‌ക്കുകയോ ചിലവ് കുറയ്‌ക്കുകയോ ചെയ്യുകയും മരണമടയുന്നവരുടെ എണ്ണം കൂടുകയും ചെയ്‌തതാണ് കച്ചവടം ഈ രീതിയ്‌ക്ക് മാ‌റ്റാൻ ഇടയാക്കിയത്.

പ്രയാഗ്‌രാജ് നഗരത്തിൽ കൊവിഡ് നിരക്ക് കുത്തനെ വർദ്ധിക്കുകയാണ്. പരമ്പരാഗതമായി വിവാഹ സാധനങ്ങൾ കച്ചവടം നടത്തിവന്നിരുന്നവർ ഇപ്പോൾ മരണാനന്തരം വേണ്ട വസ്‌തുക്കൾ വിൽക്കുകയാണ്. ഇത് പ്രദേശത്തെത്തുന്ന രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് വലിയ ആശ്വാസവുമാകുന്നുണ്ടെന്നതാണ് കൊവിഡ് കാലത്തെ കാഴ്‌ചയിൽ നിന്ന് വ്യക്തമാകുന്നത്.