വാഷിംഗ്ടൺ: കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ല ക്രൂരതകൾ അമേരിക്കയിൽ നൂറ്റാണ്ടുകൾ മുതൽ തന്നെ
നടന്നുവരുന്നതാണ്. ചിലർ ശിക്ഷിക്കപ്പെടുന്നു. മറ്റ് ചിലർ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് വിദഗ്ദ്ധമായി രക്ഷപ്പെടുന്നു. എന്നാൽ, ഫ്ലോയ്ഡിന്റെ കൊലപാതകം ഇത്ര മേൽ പ്രകമ്പനം സൃഷ്ടിക്കാൻ കാരണമായത് ഡാർണെല്ല ഫ്രേസർ 17കാരി എടുത്ത ഒരു വീഡിയോയാണ്.
ഡാർണെല്ല തന്റെ ബന്ധുവിനോടൊപ്പം സമീപത്തെ സ്റ്റോറിലേക്ക് പുറപ്പെട്ടതായിരുന്നു. അപ്പോഴാണ് പൊലീസുകാർ ഒരു കറുത്ത വംശജനെ വളയുന്നതും പിന്നീട് കഴുത്തിൽ കാലമർത്തി ശ്വാസംമുട്ടിക്കുന്നതും കണ്ടത്. എന്നാൽ, ഡാർണെല്ല ഭയന്നില്ല. മൊബൈലിൽ ദൃശ്യങ്ങൾ കൃത്യമായി പകർത്തി. ഒമ്പതു മിനിറ്റും 29 സെക്കൻഡും നേരം കഴുത്തിൽ കാൽമുട്ട് അമർത്തിപ്പിടിക്കുന്നതിനിടെ 27 തവണയാണ് ഫ്ലോയ്ഡ് ശ്വസിക്കാൻ കഴിയുന്നില്ലെന്ന് കരഞ്ഞുപറഞ്ഞത്. ഇടക്കിടെ മാതാവിനെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ വാക്കുകൾ ഇടറി, ശരീരം വിളറി ഫ്ലോയ്ഡ് മരണത്തിനു കീഴടങ്ങി. ഒന്നിനും അയാൾ ചെവി കൊടുത്തതേയില്ല. ഇതെല്ലാം കണ്ട് ഞാനും കരഞ്ഞു. എനിയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല - ഡാർണെല്ല പറഞ്ഞു. ദൃശ്യം പൂർണമായി ഫോണിൽ പകർത്തിയെന്ന് ഉറപ്പാക്കിയ ഡാർണെല്ല വൈകാതെ അത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. വീഡിയോയിലെ ഫ്ലോയ്ഡിന്റെ അരുംകൊല ലോകമെമ്പാടുമുള്ളവർ കണ്ടു. വംശീയതയ്ക്കെതിരെ ജനങ്ങൾ ഒന്നായി അമേരിക്കൻ തെരുവുകളിൽ അണിനിരന്നു. പിന്നീടത് ലോകമെമ്പാടും വ്യാപിച്ചു.
സമൂഹമാദ്ധ്യമങ്ങളിൽ വംശീയവാദികൾ ഡാർണെല്ലയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും അവൾ അത് ധൈര്യമായി നേരിട്ടു. തെളിവെടുപ്പിലും കോടതി വിചാരണയിലും ഡാർണെല്ല പ്രതികൾക്കെതിരെ മൊഴി കൊടുത്തു. ഡാർണെല്ലയെ അഭിനന്ദിച്ച മിനിയപൊളിസ് പൊലീസ് മേധാവി പറഞ്ഞത് അവളൊരു ഹീറോയാണെന്നാണ്. ധീരത പുരസ്കാരം ഉൾപ്പെടെ അവളെ തേടി ആദരങ്ങളും ഡാർണെല്ലയ്ക്ക് ലഭിച്ചു.ഞാൻ കാണുന്നത് ലോകം കൂടി കാണേണ്ടതാണെന്ന് തോന്നി. ആരോരുമറിയാതെ ഇത്തരം സംഭവങ്ങൾ ധാരാളമായി നടക്കുന്നുണ്ട് - ഡാർണെല്ല പറഞ്ഞു. വിധി പുറത്തുവന്ന ശേഷം 'ഞാനേറെ കരഞ്ഞു. നീതി നടപ്പായി. എനിയ്ക്ക് അത് മതി മതി - കണ്ണീരണിഞ്ഞ കണ്ണുമായി ഡാർണെല്ല പറഞ്ഞു നിറുത്തി.