derek-chauvin

വാഷിംഗ്​ടൺ: കോടതി നടപടികൾ നടക്കുമ്പോഴോ അതിന് ശേഷം വിധി പ്രഖ്യാപിക്കുമ്പോഴോ ഒരിക്കൽ പോലും ഡെറക് ചോവിന്റെ കുടുംബാംഗങ്ങൾ മിനിയപൊളിസ് കോടതിയിൽ എത്തിയിരുന്നില്ല. മിസ്​ മിനസോട്ടയായിരുന്ന കെല്ലി ചോവിൻ ഡെറകിന്റെ മുൻഭാര്യയാണ്. പത്തു വർഷം നീണ്ടു നിന്ന ദാമ്പത്യം ഫ്ലോയ്​ഡിനെ കൊലപ്പെടുത്തിയ വിവരമറിഞ്ഞയുടൻ കെല്ലി അവസാനിപ്പിക്കുകയായിരുന്നു. ഡെറകിന്റെ മാതാപിതാക്കൾ അയാൾക്ക് ഏഴ് വയസുള്ളപ്പോൾ ബന്ധം വേർപിരിഞ്ഞിരുന്നു. പിരിയുംമുമ്പ്​ കുടുംബ വീട്​ ആവശ്യ​പ്പെട്ട്​ മാതാവ്​ കേസ്​ നൽകിയമ്പോൾ ചോവിന്‍റെ സഹോദരിയുടെ പിതൃത്വ പരിശോധന നടത്തണമെന്നായിരുന്നു കോടതിയിൽ പിതാവിന്‍റെ പ്രതികരണം. പരിശോധനയിൽ കുഞ്ഞ്​ പിതാവിന്‍റെയല്ലെന്നറിഞ്ഞതോടെ സഹോദരി മാതാവിനോടൊപ്പം പോയി. ചോവിനെ വളർത്തിയത് വല്ല്യമ്മയായിരുന്നു. ചോവിൻ അഞ്ചു വർഷത്തിനിടെ നാലു സ്​കൂളുകളിൽ മാറിമാറി പഠിച്ചിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതമായ ചോവിന് സുഹൃത്തുക്കളും കുറവായിരുന്നു. ആദ്യം കുശനിക്കാരനായിരുന്നു ചോവിൻ. പിന്നീട്, ജർമനിയിലെ യു.എസ്​ സൈനിക താവളത്തിൽ ജോലി ലഭിച്ചു. പിന്നീട്, പരീക്ഷയെഴുതി പൊലീസിൽ കയറി. ഒരു പ്രതിയുടെ വൈദ്യ പരിശോധനക്കായി മിനിയാപോളിസിലെ മെഡിക്കൽ സെന്‍ററിലെത്തിയപ്പോഴാണ്​ കെല്ലിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട്​ വിവാഹവും കുടുംബജീവിതവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ചോവിൻ ജോർജ് ഫ്ലോയ്ഡിനെ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. ഇതോടെ, കെല്ലി വിവാഹ മോചനം തേടുകയാണെന്ന്​ അറിയിച്ചു.