മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ലോക്ക്ഡൗൺ സംബന്ധിച്ച തീരുമാനം ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിക്കും. കൊവിഡ് വ്യാപനം കുറയ്ക്കാനായിട്ടുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തിവരികയാണെന്നും, അവലോകന യോഗത്തിന് ശേഷം നാളെ മുഖ്യമന്ത്രി ലോക്ക്ഡൗൺ സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ചഗൻ ഭുജ്ബാൽ പറഞ്ഞിരുന്നു.
ട്രെയിൻ സർവീസുകളിലുൾപ്പടെ നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പറഞ്ഞിരുന്നു.ബുധനാഴ്ച രാത്രി എട്ടുമണിക്ക് ശേഷം സംസ്ഥാനത്ത് ലോക്ക്ഡൗൺ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയും മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
'നാളെ രാത്രി എട്ട് മണിക്ക് ശേഷം സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ ഞങ്ങൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. എല്ലാ മന്ത്രിമാരുടെയും അഭ്യർത്ഥനയായിരുന്നു ഇത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നാളെ തീരുമാനം പ്രഖ്യാപിക്കും'- ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അരലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.