bahrain-airforce

മനാമ: ബഹ്‌റൈനിൽ നിന്ന് ഇസ്രയേലിലേക്കുള്ല ആദ്യ യാത്രാ വിമാനം ജൂൺ മൂന്നിന് സർവീസ് ആരംഭിക്കും. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇസ്രയേലിലെ ബെന്‍ഗുരിയന്‍ വിമാനത്താവളത്തിലേക്ക് നടത്തുന്ന യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബഹ്‌റൈനിലെ ദേശീയ എയര്‍ലൈന്‍സായ ഗള്‍ഫ് എയറിന്റെ എയര്‍ബസ് എ320 വിമാനമാണ് ചരിത്ര സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ രണ്ടു തവണയായിരിക്കും തുടക്കത്തില്‍ സര്‍വീസ്.

2020 സെപ്തംബറില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ബഹ്‌റൈനും യു.എ.ഇയും ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിക്കുകയും സ്ഥാനപതികളെ നിയമിക്കുകയും ചെയ്തിരുന്നു
കരാര്‍ ഒപ്പുവച്ചതിനു പിന്നാലെ 2020 നവംബര്‍ 18ന് ബഹ്‌റൈനില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക വിമാനം ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയിരുന്നു. യു.എ.ഇയും ഇസ്രയേലിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. ഇത്തിഹാദ് എയര്‍വെയ്സും ഫ്ളൈദുബായ് എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്.