കോട്ടയം: ജോലിക്കുള്ള അഭിമുഖത്തിന് പരസ്യം നൽകിയ ശേഷം യുവാക്കളെ വിളിച്ചു വരുത്തി കൊവിഡ് ടെസ്റ്റിന്റെ പേരിൽ പണം തട്ടിയ യുവാവ് അറസ്റ്റിൽ. മഞ്ചേരി ചേലാത്തടത്തിൽ അബ്ദുൾ സലാമിനെ (30)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ് വിജയന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലിക്ക് യുവാക്കളെ തിരഞ്ഞെടുക്കുന്നതായി ഒ.എൽ.എക്സിൽ സലാം പരസ്യം നൽകിയിരുന്നു. ഹോട്ടൽ ഐഡയിൽ അഭിമുഖത്തിന് എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. പരസ്യം കണ്ട് എത്തിയ യുവാക്കളോട് ഫോണിൽ വിളിച്ച് 1500 രൂപ കൊവിഡ് ടെസ്റ്റിനായി ഒാൺലൈനായി അടയ്ക്കാൻ സലാം ആവശ്യപ്പെട്ടു. പണമടച്ചെങ്കിലും അറിയിപ്പൊന്നും ലഭിച്ചില്ല.തുടർന്ന് പണം
നഷ്ടമായ യുവാക്കളിൽ ചിലർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ ടി.ബി ജംഗ്ഷനു സമീപത്തെ എ.ടി.എം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തി. നഗരത്തിലെ ലോഡ്ജിൽ നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.