ബ്രസൽസ്: സഞ്ചരിക്കുന്ന മരുപ്പച്ചയാണ് ബെൽജിയത്തിലെ ബ്രസൽസ് സ്വദേശിയായ അലൻ വെർചൂരൻ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തന്റെ ശിരസ്സിനെ സ്വയം ഐസലേറ്റ് ചെയ്തിരിക്കുയാണ് അദ്ദേഹം.
ഒരു പ്ലെക്സി ഗ്ലാസ് മിനി ഗ്രീൻഹൗസ് തോളിലേറ്റി അതിനുള്ളിൽ തന്റെ തല കയറ്റി വച്ചാണ് അലന്റെ സഞ്ചാരം. ഗ്ലാസ് ഹൗസിനുള്ളിൽ നല്ല ശുദ്ധവായു നൽകുന്ന സുഗന്ധവാഹിനികളായ ലാവെൻഡർ അടക്കമുള്ള സസ്യങ്ങളാണുള്ലത്.
താൻ മുൻപ് ജോലി ചെയ്തിരുന്ന ടുണീഷ്യയിലെ മരുപ്പച്ചകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 15 വർഷം മുൻപാണ് അലൻ ഈ ആശയം അവതരിപ്പിച്ചത്. മലീമസമായ ലോകത്തുനിന്ന് തന്നെ സ്വയം പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് ഈ സഞ്ചരിക്കുന്ന മരുപ്പച്ച അലൻ തയ്യാറാക്കിയത്. കൊവിഡ്കാലത്ത് മാസ്കിന് പകരം സ്വീകരിക്കാവുന്ന വ്യത്യസ്തമായ പ്രതിരോധ കവചമായി ഇത് മാറി.
ആസ്മയുള്ള തനിക്ക് മാസ്കിനേക്കാൾ സൗകര്യപ്രദം ശുദ്ധവായു കിട്ടുന്ന ഈ മരുപ്പച്ചയാണെന്നും അലൻ പറയുന്നു. എന്തായാലും കുറഞ്ഞ നാളുകൾക്കുള്ളിൽ ബ്രസൽസ് നഗരത്തിലെ ഒരു കൗതുകക്കാഴ്ചയായി അലനും ഈ സഞ്ചരിക്കുന്ന മരുപ്പച്ചയും മാറി. അലനെ അനുകരിച്ച് നിരവധിപ്പേർ മിനി ഗ്രീൻഹൗസ് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.