ചെന്നൈ: തമിഴ്നാട് തൂത്തുക്കുടി ചിദംബരനാർ തുറമുഖത്ത് നിന്ന് 1000 കോടി രൂപ വിലവരുന്ന 303 കിലോ കൊക്കെയ്ൻ പിടികൂടി. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടയാണിത്. പനാമയിൽ നിന്നെത്തിയ തടിക്കഷ്ണങ്ങൾ നിറച്ച വലിയ കണ്ടെയ്നറിനിടയിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
ശ്രീലങ്കയിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് ഡി.ആർ.ഐ അറിയിച്ചു.
കഴിഞ്ഞ ദിവസം അറബിക്കടലിൽ നാവികസേന നടത്തിയ പരിശോധനയിൽ ഒരു ബോട്ടിൽ നിന്ന് 3000 കോടിയിലേറെ രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയിരുന്നു. ബോട്ട് കൊച്ചിയുടെ തീരത്തേക്ക് അടുപ്പിച്ചു ബോട്ടിലുണ്ടായിരുന്ന അഞ്ച് ശ്രീലങ്കൻ പൗരൻമാരെ കസ്റ്റഡിയിലെടുത്തു.