ലണ്ടൻ : പുറത്താക്കിയ കോച്ച് ഹോസെ മൗറീന്യോയ്ക്കു പകരം ഇരുപത്തൊൻപതുകാരൻ റയാൻ മേസനെ ഇടക്കാല ചുമതലയേൽപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് ടോട്ടനം ഹോട്സ്പർ. ഈ സീസൺ അവസാനം വരെയാണു മുൻ ടോട്ടനം താരം കൂടിയായ മേസനു ചുമതല. സതാംപ്ടനെതിരെയുള്ള പ്രീമിയർ ലീഗ് മത്സരത്തിലൂടെയാണ് മേസന്റെ അരങ്ങേറ്റം. ഇതോടെ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ എന്ന റെക്കാഡും മേസന്റെ പേരിലാകും. ലീഗിൽ ഏഴാം സ്ഥാനത്താണു ടോട്ടൻഹാം ഇപ്പോൾ. ഞായറാഴ്ച ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും മേസന്റെ കീഴിലാണു ടോട്ടൻഹാം ഇറങ്ങുക. മിഡ്ഫീൽഡറായിരുന്ന മേസൻ തലയ്ക്കേറ്റ പരുക്കിനെത്തുടർന്നു 2018ലാണു കളി നിർത്തിയത്.