സാനിയ അയ്യപ്പനെപ്പറ്റിയുളള പോസ്റ്റിന് കീഴിൽ തന്റെ ഫേസ്ബുക്ക് അകൗണ്ടിൽ നിന്നും മോശം കമന്റ് വന്നതിന് പിന്നാലെ അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി നടി നന്ദന വർമ്മ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നന്ദന ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാനിത് ഇപ്പോഴാണ് അറിയുന്നത്. അക്കൗണ്ടിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഞാനല്ല. അത്തരത്തിലുള്ള കമന്റുകൾ വഴി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണ്.
എനിക്കിത് സംബന്ധിച്ച് നിരവധി കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ഞാനോ എന്റെ ടീമോ അറിഞ്ഞല്ല ഇത് നടന്നത്. ഈ സംഭവത്തിന് ശേഷമാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയാൻ കഴിഞ്ഞതെന്നും നന്ദനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പി എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് നന്ദന പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ആകാശമിഠായി, സൺഡേ ഹോളിഡേ, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിലും നന്ദന വർമ്മ അഭിനയിച്ചിട്ടുണ്ട്. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന സിനിമയാണ് ഒടുവിൽ പുറത്തുവന്നത്.