covid-vaccine

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം കേരളത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൊതുവിപണിയിൽ മത്സരിക്കാനായി സംസ്ഥാനങ്ങളെ തള്ളിവിടരുത്. അർഹമായ വാക്സിൻ കേന്ദ്രം സംസ്ഥാനത്തിന് നൽകണമെന്നും വാക്സിൻ ഉത്പാദനം കേന്ദ്രം അടിയന്തരമായി കൂട്ടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിത്യേന രണ്ടര ലക്ഷം പേർക്ക് വാക്സിൻ എന്ന ലക്ഷ്യം നടപ്പാക്കാനായില്ല. മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ തരാനുള്ള ബാധ്യത കേന്ദ്ര ഗവൺമെന്റിനാണ് ഉള്ളത്. അത് കേന്ദ്ര ഗവണ്മെന്റ് നൽകേണ്ടതാണ്. അതാണ് കേന്ദ്രത്തെ ഇപ്പോൾ അറിയിച്ചത്. സംസ്ഥാനത്തിന്റെ പ്രായോഗിക വിഷമങ്ങൾ, സംസ്ഥാനം അനുഭവിക്കുന്ന വിഷമങ്ങൾ, ഇത്രയും നാളുമുള്ള കൊവിഡ് പോരാട്ടം ഉണ്ടാക്കിയിട്ടുള്ള ബാദ്ധ്യതകൾ, അതിന്റേതായ പ്രതിസന്ധി എന്നിവയുണ്ട്.

അതിന്റെ മേലേക്ക് കൂടുതൽ ഭാരം സംസ്ഥാനങ്ങളുടെ പിടലിക്ക് അടിച്ചേല്പിക്കരുത്. അത് ശരിയല്ല എന്ന് കേന്ദ്രത്തെ അറിയിക്കുന്നതിൽ ഒരു രാഷ്ട്രീയ പ്രശ്നവുമില്ല. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കൾ നടത്തിയ പരാമർശങ്ങളെ കുറിച്ചുള്ള മാദ്ധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.