ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായിരിക്കെ, ബോളിവുഡ് നടി കങ്കണ റണൗട്ട് പങ്കുവച്ച ട്വീറ്റിനെതിരെ വ്യാപക വിമർശനവുമായി സോഷ്യൽമീഡിയ.
കങ്കണ ട്വീറ്റ് ചെയ്തതിങ്ങനെ: ''ആർക്കെങ്കിലും ഓക്സിജൻ അപര്യാപ്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയാണ് ശാശ്വതമായ പരിഹാരം. അതിനുപറ്റുന്നില്ലെങ്കിൽ മരങ്ങൾ മുറിക്കാതിരിക്കുക. അല്ലെങ്കിൽ വസ്ത്രങ്ങളെ പുനരുപയോഗം ചെയ്യുക. വേദിക് ഭക്ഷണശീലം തുടങ്ങുക, പ്രകൃതിസൗഹൃദമായി ജീവിക്കുക. ഇവ സ്ഥിരമായ പരിഹാരമല്ലെങ്കിലും ഇപ്പോഴിത് സഹായിക്കും. ജയ് ശ്രീറാം''.
എന്നാൽ കങ്കണയുടെ ട്വീറ്റിനെതിരെ വ്യാപക വിമർശനവുമായി നിരവധിപ്പേർ രംഗത്തെത്തി. ജനങ്ങൾ പ്രാണവായുവിനായി കേഴുമ്പോഴുള്ള കങ്കണയുടെ അഭിപ്രായ പ്രകടനം മണ്ടത്തരവും രോഗികളെ പരിഹസിക്കുന്നതുമാണെന്ന് കമന്റുകൾ വന്നു. ഐ.സി.യുവിൽ ഓക്സിജനായി ഡോക്ടർമാർ മരം നട്ടുപിടിപ്പിക്കണോ എന്നും കങ്കണയുടേത് തലച്ചോറില്ലാത്ത നിർദ്ദേശമാണെന്നും വിമർശിച്ചവരേറെ.