pinarayi-vijayan

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനത്തിനു പിന്നിൽ മ്യൂട്ടേഷൻ വന്ന വൈറസ് ആണോ എന്നത് വ്യക്തമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധനകൾ നടക്കുകയാണ്. അതിന്റെ ഫലങ്ങൾ ലഭ്യമായിട്ടില്ലെന്നും എന്നാം നാം ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ തീവ്ര നിലയിലുളള കൊവിഡ് വ്യാപനത്തിന് കാരണം വൈറസിന്റെ മ്യൂട്ടേഷനാണോ തിരഞ്ഞെടുപ്പ് സമയത്തെ ജാഗ്രതക്കുറവാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഘട്ടത്തിൽ മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ഡൽഹിയിലും തിരഞ്ഞെടുപ്പുണ്ടായല്ലൊ. പക്ഷെ അവിടങ്ങളിലെല്ലാം വലിയ വ്യാപനമല്ലെ ഉണ്ടായത്. അതിൽ മഹാരാഷ്ട്രയും ഡൽഹിയുമൊക്കെ ഈ പറയുന്ന പ്രത്യേകതരം വൈറസിന്റെ ബാധ വന്നിരിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

നമ്മുടെ പരിശോധനകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ ഇവ ഇങ്ങോട്ട് വന്നേക്കുമോ എന്ന് നാം ആശങ്കപ്പെടേണ്ടതായിട്ടുണ്ട്. വരാതിരിക്കാനുളള എല്ലാ മുൻകരുതലുകളും നമ്മൾ എടുത്തിട്ടുണ്ട്. അതാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് വരുന്നവർ നിർബന്ധമായി നടത്തണമെന്ന് പറഞ്ഞിട്ടുളളത്. പക്ഷേ നമ്മുടെ സമൂഹം ഇത്തരം സംസ്ഥാനങ്ങളുമായി ബന്ധമുളളവരും നിരന്തരം സമ്പർക്കം പുലർത്തുന്നവരുമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.