കൊച്ചി: രണ്ടാംതരംഗത്തിലേക്ക് കൊവിഡ് അതിരൂക്ഷമായി കടന്നതോടെ, പൊന്നിന് വീണ്ടും തിളക്കമേറുന്നു. സുരക്ഷിത നിക്ഷേപമെന്ന പട്ടം ഒരിടവേളയ്ക്കുശേഷം വീണ്ടും തിരിച്ചുപിടിച്ച സ്വർണത്തിന്, വില കുതിച്ചുകയറുകയാണ്. സംസ്ഥാനത്ത് ഗ്രാമിന് ഇന്നലെ 70 രൂപ വർദ്ധിച്ച് വില ഈമാസത്തെ ഉയർന്നനിരക്കായ 4,485 രൂപയിലെത്തി. 560 രൂപ ഉയർന്ന് 35,880 രൂപയാണ് പവൻവില. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. മൂന്നു ശതമാനം ജി.എസ്.ടിയും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും കൂടിച്ചേരുമ്പോൾ ഒരു പവന് ഇപ്പോൾ നൽകേണ്ട വില ഏകദേശം 38,000 രൂപ.
കൊവിഡ് കേസുകൾ വീണ്ടുമുയർന്നത്, സാമ്പത്തിക വളർച്ചയിലേക്കുള്ള ഇന്ത്യയുടെയും ലോകത്തിന്റെയും കരകയറ്റം വൈകിപ്പിക്കുമെന്ന ഭീതിമൂലം ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് നിക്ഷേപകർ വൻതോതിൽ കൂടൊഴിയുന്നതാണ് സ്വർണത്തിന് നേട്ടമാകുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കാണ് ഇവർ ചേക്കേറുന്നു. ഓഹരി വിപണികൾ കഴിഞ്ഞദിവസങ്ങളിൽ നേരിട്ടത് വൻ തകർച്ചയാണ്. അമേരിക്കൻ ബോണ്ട് യീൽഡുകൾ (കടപ്പത്രങ്ങളിൽ നിന്നുള്ള വരുമാനനിരക്ക്) ഇടിയുകയും ചെയ്‌തതോടെയാണ് സ്വർണത്തിന്റെ തലവര തെളിഞ്ഞത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1,776 ഡോളറായിരുന്ന വില, ഇന്നലെ 1,797 ഡോളർ വരെ ഉയർന്നു.