ന്യൂഡൽഹി: ആഭ്യന്തരവില പിടിച്ചുനിറുത്താനായി സവാള കയറ്റുമതി നിരോധിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം, ഇന്ത്യയുടെ ആഗോള വിപണിവിഹിതത്തെ സാരമായി ബാധിക്കുന്നു. ഇന്ത്യയുടെ പരമ്പരാഗത വിപണികളിലേക്ക് ഇപ്പോൾ ഇറാക്കിന്റെ നുഴഞ്ഞുകയറ്റം ശക്തമാണ്. ഇറാക്കിന് കൂട്ടായി മറ്റ് പ്രമുഖ ഉത്പാദക രാജ്യങ്ങളായ ടർക്കിയും പാകിസ്ഥാനും നെതർലൻഡ്‌സുമുണ്ട്.
കിലോയ്ക്ക് റീട്ടെയിൽ വില 100 രൂപ കടന്ന പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം സെപ്‌തംബർ-ഡിസംബർ കാലയളവിലാണ് കേന്ദ്രസർക്കാർ കയറ്റുമതി നിരോധിച്ചത്. പ്രമുഖ ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും കൃഷി വൻതോതിൽ നശിച്ച്, ഉത്‌പാദനം ഇടിഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞവർഷം ആഭ്യന്തരവില കുതിച്ചുയർന്നത്. ജനുവരിയോടെ നിരോധനം നീങ്ങിയെങ്കിലും പരമ്പരാഗത വിപണികളിൽ നിന്നുപോലും ഓർഡറുകൾ ലഭിക്കാത്ത സ്ഥിതിയാണ്.
ഇന്ത്യയുടെ അഭാവത്തിൽ, ഇന്ത്യയുടെ പരമ്പരാഗത വിപണികളായ മലേഷ്യ, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ടർക്കിയും ഇറാക്കും പാകിസ്ഥാനും വൻതോതിൽ സവാള കയറ്റുമതി ചെയ്‌തു. അവയെല്ലാം ഇപ്പോഴും ഈ രാജ്യങ്ങളിൽ സ്‌റ്റോക്കുള്ളതും ഇന്ത്യൻ കയറ്റുമതിക്കാർക്ക് തിരിച്ചടിയാകുന്നു. ഓർഡറുകൾ കുറഞ്ഞതോടെ കയറ്റുമതി വിലയും തകരുകയാണ്. ക്വിന്റലിന് ജനുവരി-ഫെബ്രുവരിയിൽ സാധാരണ 4,000 രൂപവരെ കിട്ടാറുണ്ട്. ഇപ്പോൾ വില ആയിരം രൂപയ്ക്കടുത്താണ്.
കയറ്റുമതിയിൽ കണ്ണീർ
2016-17ൽ 32.94 ലക്ഷം ടൺ സവാള ഇന്ത്യ കയറ്റുമതി ചെയ്‌തിരുന്നു. ഇതു റെക്കാഡാണ്. എന്നാൽ, നിരോധനവും നിയന്ത്രണവും ഉത്‌പാദനനഷ്‌ടവും മൂലം 2019-20ൽ കയറ്റുമതി 11.47 ലക്ഷം ടണ്ണിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ജനുവരിയിൽ നിരോധനം നീക്കിയതിന് പിന്നാലെ, ജനുവരി-ഫെബ്രുവരിയിൽ മാത്രം 84,000 ടൺ സവാള കയറ്റുമതി ചെയ്‌തു. ടർക്കി സവാളയ്ക്ക് ടണ്ണിന് വില 21,000 രൂപയാണ്. പാകിസ്ഥാന്റേതിന് 17,200 രൂപ, നെതർലൻഡ്‌സ് : 25,000 രൂപ. 18,700 രൂപയിലാണ് ഇന്ത്യയുടെ വില്പന.
മോശം കാലാവസ്ഥ മൂലം 2019-20ൽ നേരിട്ട കനത്ത തകർച്ചയിൽ നിന്ന് കയറ്റുമതി കഴിഞ്ഞവർഷം ശക്തമായി കരകയറവേയാണ് സർക്കാരിന്റെ നിരോധനം വന്നത്. 15 ലക്ഷം ടണ്ണിൽ താഴെയാണ് 2020-21ലെ കയറ്റുമതിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.