g-sudhakaran

തിരുവനന്തപുരം: പാർട്ടിയിൽ അനാവശ്യമായി തന്നെ പീഡിപ്പിച്ചവരും ബുദ്ധിമുട്ടിച്ചവരും അനുഭവിച്ചിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.കൗമുദി ടി.വി ഇന്ന് വൈകിട്ട് 5 മണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രത്യേക അഭിമുഖത്തിലാണ് സുധാകരൻ ഇങ്ങനെ തുറന്നടിച്ചത്.

" ഞാനാരെയും ഉപദ്രവിക്കാറില്ല.അങ്ങനെ എന്നോട് ചെയ്തിട്ടുള്ളവരൊക്കെ തിരിച്ചടി നേരിട്ടിട്ടുണ്ട്.അത് ഞാനെന്തെങ്കിലും ചെയ്തിട്ടല്ല. കാലം നൽകുന്ന ,പ്രകൃതി നൽകിയ തിരിച്ചടിയാണത്."- സുധാകരൻ പറഞ്ഞു.ആലപ്പുഴയിൽ എല്ലാ രാഷ്ട്രീയ പാർടികളിലും പൊളിറ്റിക്കൽ ക്രിമിനലുകൾ ഉണ്ട്. കോൺഗ്രസിലും അതുണ്ടെന്ന് മനസിലാകുന്നതാണ് മുൻ ഡി.സി.സി പ്രസിഡന്റ് ഷുക്കൂറിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.അതിൽ ഞാനുമുണ്ടേയെന്ന് വിളിച്ചു പറയാനാണ് ഷുക്കൂർ ശ്രമിച്ചത്.എന്നാൽ കോൺഗ്രസ് അതിലില്ലെന്ന് വ്യക്തമാക്കാനാണ് ഇപ്പോഴത്തെ ഡി.സി.സി പ്രസിഡന്റ് ലിജു ശ്രമിച്ചത്. ലിജുവിന്റേത് മാന്യമായ നിലപാടാണ്.

ഇപ്പോഴത്തേത് ഒരു പരീക്ഷണമാണ്.ഇത്തരത്തിൽ പല പരീക്ഷണവും ഞാൻ നേരിട്ടിട്ടുണ്ട്. വർഗസമരത്തിന്റെ ഭാഗമാണത്. അതിൽ നമ്മൾ വിശ്വസിക്കുന്നവർ നമ്മളെ ചതിക്കും.ആശയപരമായി ദുർബ്ബലരായവരാണ് അത് ചെയ്യുന്നത്. പാർട്ടിയുടെ നേതൃത്വത്തിൽ നിന്നവരെ എന്നും ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്.വി.എസിനെതിരെയും പിണറായിക്കെതിരെയും ഇപ്പോൾ കോടിയേരിക്കതിരെയുമൊക്കെ നടക്കുന്ന ആക്രമണങ്ങൾ ഇതിന്റെ ഭാഗമാണ്. കോടിയേരി എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അദ്ദേഹത്തെ കടന്നാക്രമിക്കുന്നത്.സുധാകരൻ ചോദിച്ചു.