ക്വറ്റ: പാകിസ്ഥാനിലെ ക്വറ്റയിൽ ചൈനീസ് അംബാസിഡർ താമസിച്ച ഹോട്ടലിനു നേരെ ഭീകരാക്രമണം. സംഭവത്തിൽ നാലു പേർ കൊല്ലപ്പെട്ടതായും, 12 പേർക്ക് പരിക്കുപറ്റിയതായുമാണ് സ്ഥിരീകരണം. സ്‌ഫോടന സമയം ചൈനീസ് സംഘം ഹോട്ടലിൽ ഉണ്ടായിരുന്നില്ലെന്നും, അംബാസിഡർ സുരക്ഷിതനാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.
പാകിസ്ഥാനിലെ ആഡംബര ഹോട്ടൽ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാർ പാർക്കിംഗിലാണ് സംഭവം. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ചൈനീസ് അംബാസിഡർ നോങ് റോങ്ങിന്റെ നേതൃത്വത്തിൽ നാലംഗ സംഘമായിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്. ഒരു യോഗവുമായി ബന്ധപ്പെട്ട് ഇവർ ഹോട്ടലിന് പുറത്തുപോയ സമയത്താണ് സ്ഫോടനം നടന്നത്.
പാർക്കിംഗ് സ്ഥലത്തെ ഏതോ വാഹനത്തിൽ വച്ചിരുന്ന ഐഇഡി ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.