covid

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗത്തിൽ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണസംഖ്യ കേരളത്തിൽ കുറവാണെങ്കിലും പ്രായമായവരും ഗുരുതര അസുഖമുളളവരും കൂടുതലായി വൈറസ് ബാധിതരാകാനും മരണമടയാനുമുളള സാദ്ധ്യത ആരോഗ്യ വിദഗ്ദ്ധർ തളളിക്കളയുന്നില്ല. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ ഔദ്യോഗിക മരണസംഖ്യ അയ്യായിരം ആയപ്പോൾ കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം മരിച്ചത് 217 പേരാണ്.

21 ദിവസത്തിനിടെ, അതായത് ഈ മാസം മാത്രം കൊവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചവരുടെ എണ്ണം 363 ആണ്. എന്നാൽ ഗുരുതര അസുഖമുളളപ്പോൾ കൊവിഡ് ബാധിച്ച് മരിച്ചവരോ കൊവിഡ് നെഗറ്റീവായശേഷം വൈറസ് ബാധയുടെ ആഘാതത്തിൽ ഗുരുതരാവസ്ഥയിലായി മരണമടഞ്ഞവരോ ഈ കണക്കുകളിലൊന്നുമില്ല. അവരെ കൂടി പട്ടികയിലേക്ക് ചേർത്താൽ ഔദ്യോഗിക മരണസംഖ്യയുടെ ഇരട്ടിയോ അതിലേറെയോ പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം. വെന്റിലേറ്ററിൽ കഴിയുന്നവരുടെ എണ്ണം ആദ്യമായി മുന്നൂറ് കഴിഞ്ഞപ്പോൾ ഐ.സി.യുകളിൽ 999 പേർ ചികിത്സയിലാണ്.

ഓക്‌സിജനിൽ ആശങ്കയോടെ ആശുപത്രികൾ

സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം നേരിട്ടേക്കുമോയെന്ന ആശങ്ക വിവിധ ആശുപത്രി അധികൃതർ പങ്കുവയ്‌ക്കുന്നുണ്ട്. നിലവിൽ രോഗികൾക്ക് ചികിത്സ മുടങ്ങുന്ന സാഹചര്യമില്ലെങ്കിലും സർക്കാർ തലത്തിൽ അടിയന്തര ഇടപടൽ ഉണ്ടാകണമെന്നാണ് ആശുപത്രികളുടെ ആവശ്യം. രോഗികളുടെ എണ്ണം കുറവായതിനാൽ ഒന്നാം തരംഗത്തിൽ ഓക്‌സിജൻ ലഭ്യത കുറവെന്ന വെല്ലുവിളി ആശുപത്രികൾ നേരിട്ടിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല. ഓക്‌സിജൻ വിതരണക്കാർ നേരത്തെ നൽകിയിരുന്നത്ര അളവിൽ ഓക്‌സിജൻ ഇപ്പോൾ ലഭ്യമാക്കുന്നില്ലയെന്ന പരാതി മലബാറിലെ പല സ്വകാര്യ ആശുപത്രികളും ഉന്നയിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

തയ്യാറെടുപ്പുകൾ ഇന്നുമുതൽ

വാരാന്ത്യ നിയന്ത്രണങ്ങൾക്കുളള തയ്യാറെടുപ്പുകൾ വിവിധ വകുപ്പുകൾ ഇന്നാരംഭിക്കും. വാക്‌സിൻ വിതരണം ശരിയാക്കുമെന്ന് സർക്കാർ പറയുമ്പോഴും രണ്ടാം ഡോസ് വാക്‌സിന്റെ ലഭ്യത ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഇന്ന് മുതൽ കർശനമാക്കും. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. എല്ലാ കടകളും രാത്രി ഏഴരയ്‌ക്ക് തന്നെ അടയ്‌ക്കണം. പാഴ്സൽ ഭക്ഷണ വിതരണ കൗണ്ടറുകൾ, അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവ ഒമ്പത് മണി വരെ പ്രവർത്തിക്കാം. സർക്കാർ ഒാഫീസുകൾ പകുതി ജീവനക്കാരുമായുളള ക്രമീകരണത്തിലേക്ക് മാറും.

സ്‌പോട്ട് രജി‌സ്‌ട്രേഷനില്ല

സംസ്ഥാനത്ത് ഇന്നുമുതൽ കൊവിഡ് വാക്‌സിനേഷൻ സ്‌പോട്ട് രജി‌സ്‌ട്രേഷൻ ഉണ്ടാകില്ല. ഒന്നും രണ്ടും ഡോസ് വേണ്ടവർ കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ക്യൂ ഒഴിവാക്കാനായി രജിസ്റ്റർ ചെയ്‌തവർക്ക് മാത്രമേ ടോക്കൺ നൽകാവൂ. സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ മുഖേന രജിസ്ട്രേഷന് ജില്ലകൾ മുൻകൈയെടുക്കണമെന്നാണ് നിർദേശം. വാക്‌സിൻ ലഭ്യതയനുസരിച്ച് വെബ്‌ സൈറ്റിൽ പ്രദർശിപ്പിക്കണം. ലഭ്യത പൊതുജനങ്ങളെ അറിയിക്കാനും ജില്ലകൾ സംവിധാനമൊരുക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം.

കൊവിഡ് കൂട്ടപരിശോധന ഇന്നും തുടരും. ഒരു ലക്ഷത്തി നാൽപതിനായിരം സാംപിളുകളാണ് ഇന്നലെ ശേഖരിച്ചത്. തൃശൂരിൽ പതിനെണ്ണായിരത്തിലേറെയും തിരുവനന്തപുരത്ത് പതിനാറായിരത്തിലേറെയും കോഴിക്കോട് പതിനയ്യായിരത്തിലേറെയും പരിശോധന നടന്നു. മൂന്നു ലക്ഷം പരിശോധനയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.